sir
എസ്.ഐ.ആർ 2025നോടനുബന്ധിച്ച് ജില്ലയിലെ ആദ്യ എന്യൂമറേഷൻ ഫോം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷിന് കൈമാറുന്നു

കൊച്ചി: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് (എസ്.ഐ.ആർ) എറണാകുളം ജില്ലയിൽ തുടക്കം. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷിന് ആദ്യത്തെ എന്യൂമറേഷൻ ഫോം ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ സാന്നിദ്ധ്യത്തിൽ കൈമാറി.

2002ലെ വോട്ടർപട്ടികയെ അടിസ്ഥാനമാക്കിയാണ് എസ്.ഐ.ആർ നടത്തുന്നത്. ബൂത്തുകളിൽ നിയമിക്കുന്ന ബൂത്ത് ലെവൽ ഓഫിസർ (ബി.എൽ.ഒ) നിലവിലെ വോട്ടർമാർക്ക് എന്യൂമറേഷൻ ഫോമുകൾ എത്തിക്കും.

ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ കരടു വോട്ടർപട്ടിക തയാറാക്കേണ്ടത് നിയമസഭാ മണ്ഡലത്തിൽ നിയോഗിച്ചിട്ടുള്ള ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫിസറാണ്. രേഖ ആവശ്യമുള്ളവർക്ക് ഇ.ആർ.ഒ നോട്ടീസ് അയക്കും. പിന്നീട് അന്തിമ പട്ടികയും പ്രസിദ്ധീകരിക്കും.

അന്തിമ പട്ടികയിൽ പരാതിയുണ്ടെങ്കിൽ ആദ്യം ജില്ലാ കളക്ടർക്ക് അപ്പീൽ നൽകാം. പരിഹാരമായില്ലെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണറെ സമീപിക്കാം.