
കൊച്ചി: ബന്ധം വേർപെടുത്താത്ത മുസ്ലിം പുരുഷൻമാരുടെ രണ്ടാം വിവാഹം ആദ്യ ഭാര്യ എതിർത്താൽ രജിസ്ട്രേഷൻ അനുവദിക്കരുതെന്ന് ഹൈക്കോടതി. രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യും മുൻപ് ബന്ധപ്പെട്ട അതോറിട്ടി ആദ്യ ഭാര്യയെ കേൾക്കണം. ആദ്യ ഭാര്യയെ നിശബ്ദ സാക്ഷിയാക്കരുത്. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളുമനുസരിച്ചുള്ള നടപടികളിൽ മതനിയമങ്ങളല്ല, ഭരണഘടനയാണ് മുകളിൽ. നിയമപ്രകാരമുള്ള നടപടികൾക്ക് അപേക്ഷിക്കുമ്പോൾ ഭരണഘടനയെ ബഹുമാനിക്കണം.
വിവാഹ രജിസ്ട്രേഷൻ നിഷേധിച്ച പഞ്ചായത്തിനെതിരെ കണ്ണൂർ കരുമത്തൂർ മുഹമ്മദ് ഷരീഫ് (44), രണ്ടാം ഭാര്യ കാസർകോട് പൊറവപ്പാട് ആബിദ (38) എന്നിവർ സമർപ്പിച്ച ഹർജി തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം. ഹർജിക്കാരുടെ രണ്ടാം വിവാഹമാണ്. 2017ലായിരുന്നു മതാചാരപ്രകാരം ഇവർ വിവാഹിതരായത്. യുവതിയെ ആദ്യ ഭർത്താവ് തലാഖ് ചൊല്ലിയിരുന്നു. എന്നാൽ ഷരീഫിന്റെ ആദ്യ വിവാഹബന്ധം വേർപെടുത്തിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തൃക്കരിപ്പൂർ പഞ്ചായത്ത് സെക്രട്ടറി വിവാഹ രജിസ്ട്രേഷൻ നിരസിച്ചത്. മുസ്ലിം വ്യക്തി നിയമപ്രകാരം ബഹുഭാര്യത്വം അനുവദിക്കുന്നുണ്ടെന്നായിരുന്നു ഹർജിക്കാരുടെ വാദം.
പുരുഷന് മേധാവിത്വമില്ല
ആദ്യ ഭാര്യയോട് നീതി പുലർത്തിയോ എന്നറിയാൻ അവരെ കേൾക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. താനുമായുള്ള ബന്ധം തുടരവേ ഭർത്താവ് മറ്രൊരു വിവാഹം കഴിക്കുന്നതിൽ 99.99% മുസ്ലിം സ്ത്രീകളും എതിരായിരിക്കും. ലിംഗസമത്വം ഭരണഘടന നൽകുന്ന അവകാശമാണ്. പുരുഷന് മേധാവിത്വമില്ല. രജിസ്ട്രേഷൻ ഫാറത്തിൽ മറ്റ് ഭാര്യമാരുടെ വിവരം രേഖപ്പെടുത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ടാം വിവാഹത്തിന് ആദ്യ ഭാര്യയുടെ സമ്മതം വേണ്ടെന്ന് ഖുറാനും പറയുന്നില്ല. മുസ്ലിം പുരുഷന്മാർക്ക് മറ്റ് വിവാഹങ്ങളാകാം. എന്നാൽ അത് രജിസ്റ്റർ ചെയ്യണമെങ്കിൽ ആദ്യ ഭാര്യയെ കേൾക്കണം. ആദ്യ ഭാര്യയെ തലാഖ് ചൊല്ലിയതാണെങ്കിൽ പ്രശ്നമില്ല. ഈ കേസിൽ, ഹർജിക്കാർക്ക് പഞ്ചായത്തിൽ വീണ്ടും അപേക്ഷ നൽകാം. തുടർന്ന് ഹിയറിംഗിന് ഹാജരാകാൻ ആദ്യ ഭാര്യയ്ക്ക് അധികൃതർ നോട്ടീസ് നൽകണം. അവർ രണ്ടാം വിവാഹത്തെ എതിർത്താൽ വിഷയം കോടതിയിലേക്ക് വിടണമെന്നും കോടതി പറഞ്ഞു.