അങ്കമാലി: ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ നടപ്പാക്കുന്ന "ഒപ്പമുണ്ട് എം.പി" സാമൂഹ്യസേവന പദ്ധതികളുടെ ഭാഗമായി നടപ്പാക്കുന്ന ഡിജിറ്റൽ വിസ്ഡം മൂന്നാംഘട്ടം തുടങ്ങി. ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കുകയും ഡിജിറ്റൽ ലൈബ്രറി, സ്മാർട്ട് ക്ലാസ്‌റൂം ആധുനിക നിലവാരത്തിലുള്ള കമ്പ്യൂട്ടറുകൾ തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ വിദ്യാലയങ്ങളിൽ ഉറപ്പുവരുത്തുന്നതിന് ബെന്നി ബഹനാൻ എം.പി വിഭാവനം ചെയ്തിട്ടുള്ളതാണ് പദ്ധതി. സിയാൽ സി.എസ്.ആർ ഫണ്ടിൽനിന്ന് അനുവദിച്ച 25ലക്ഷംരൂപ ഉപയോഗിച്ചാണ് ലാപ്ടോപ്പുകളും പ്രൊജക്ടറുകളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി കൈമാറിയത്.
ബെന്നി ബഹനാൻ എം.പി അദ്ധ്യക്ഷനായി. കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളം എം.ഡി എസ്. സുഹാസ് പദ്ധതി ഉദ്ഘാടനം ചെയ്തു. സിയാൽ എക്സിക്യുട്ടീവ് ഡയറക്ടർ സജി ജോർജ്, അങ്കമാലി മുനിസിപ്പൽ ചെയർമാൻ ഷിയോപോൾ, വൈസ് ചെയർപേഴ്സൺ സിനി മനോജ്, സിസ്റ്റർ അർപ്പിത, ടി.എം. വർഗീസ്, കെ.വി. മുരളി, സാംസൺ ചാക്കോ, ഷൈജോ പറമ്പി എന്നിവർ സംസാരിച്ചു. 25 വിദ്യാലയങ്ങളിലാണ് വിസ്ഡം പദ്ധതി ആരംഭിച്ചത്.