കൊച്ചി: 2018ൽ എറണാകുളം നഗരവും വെള്ളക്കെട്ടിൽ മുങ്ങിയതുപോലുള്ള ദുരിതം ആവർത്തിക്കാതിരിക്കാൻ പേരണ്ടൂർ കനാലിലെ ചെളി നീക്കം ചെയ്യുന്നതിനടക്കം ക്ലീനിംഗ് കലണ്ടറും ഡ്രെയ്നേജ് മാപ്പും തയ്യാറാക്കി തുടർച്ചയായ നടപടി ഉണ്ടാകണമെന്ന് ഹൈക്കോടതി. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലുള്ള കമ്മിറ്റിക്കായിരിക്കും ഇക്കാര്യത്തിലെ പൂർണ ഉത്തരവാദിത്വം. കനാലുകളിലെ ചെളി നീക്കം ചെയ്യുന്നതടക്കമുള്ള ജോലികൾ ഇറിഗേഷൻ വകുപ്പും കാനകളിലെ ചെളി നീക്കം ചെയ്യേണ്ട ജോലികൾ കോർപ്പറേഷനും നിർവഹിക്കണം. 2018 മുതൽ കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ തീർപ്പാക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
കളക്ടറുടെ നേതൃത്വത്തിലുള്ള സമിതിയ്ക്കും കോർപ്പറേഷൻ, റെയിൽവേ, ഇറിഗേഷൻ,പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകൾക്കും വ്യക്തമായ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടാണ് കോടതി ഹർജികളിലെ നടപടികൾ അവസാനിപ്പിച്ചിരിക്കുന്നത്.

നഗരത്തിലെ വെള്ളക്കെട്ടിന് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാൻ കഴിഞ്ഞത് ഈ ഹർജികളിൽ കോടതി നിരന്തരം നടത്തിയ ഇടപെടലുകളാണ്. 2018 മുതൽ നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് നൂറോളം ഉത്തരവുകളാണ് പുറപ്പെടുവിച്ചത്. കാനകളിലേയ്ക്ക് ഹോട്ടൽ മാലിന്യമടക്കം തള്ളുന്നത് തടയാൻ കോടതിക്ക് കഴിഞ്ഞു. മാലിന്യം തള്ളുന്നവർക്കെതിരെ കേസെടുക്കാൻ പൊലീസിനോട് നിർദ്ദേശിച്ചു.

കൽവർട്ടുകൾ പുനനിർമ്മിക്കാൻ റെയിൽവേയോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ തയ്യാറായില്ല. എന്നാൽ വാട്ടർ ജെറ്റിംഗ് സംവിധാനത്തിലൂടെ ചെളി നീക്കിയിട്ടുണ്ട്.
കലൂരിലെ കശാപ്പുശാലയിൽ നിന്ന് മാലിന്യം ഇപ്പോഴും പേരണ്ടൂർ കനാലിലേക്ക് എത്തുന്നുണ്ട്.
മൂന്നുവർഷമായിട്ടും മുല്ലശേരി കനാലിന്റെ നവീകരണം പൂർത്തിയായിട്ടില്ല. ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായിട്ടാണ് ഇത് നടക്കുന്നത്.
ഹർജി അവസാനിപ്പിച്ചെങ്കിലും തുടർ നടപടിയുടെ കാര്യത്തിൽ കോടതിയുടെ മേൽനോട്ടം ഉണ്ടാകും.


നിർദ്ദേശങ്ങൾ ഇങ്ങനെ:

1. പേരണ്ടൂർ അടക്കമുള്ള കനാലുകളിലേക്ക് മാലിന്യം തള്ളുന്നതിനെതിരെ കോർപ്പറേഷനും പൊലീസും ജാഗ്രത തുടരണം.
2. മാലിന്യം നീക്കം ചെയ്യുന്നതിലടക്കം വ്യക്തിപരമായ ഉത്തരവാദിത്വം നൽകണം. പ്രദേശവാസികളും സഹകരിക്കണം.
3. ഡി.സി കമ്മിറ്റി കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് തീരുമാനങ്ങൾ എടുത്ത് കോടതിയെ അറിയിക്കണം.

4. റെയിൽ ലൈനുകൾക്ക് താഴെയുള്ള കൽവർട്ടുകൾ പുനർനിർമ്മിക്കാൻ റെയിൽവേ നടപടിയെടുക്കണം
5. മുല്ലശ്ശേരി കനാലിന്റെ നവീകരണം, റെയിൽവേ കൽവർട്ട് എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കണം.
6. കനാലുകളിലേയും കാനകളിലേയും ചെളി നീക്കം ചെയ്യണം.
7. കലൂർ കശാപ്പുശാലയിൽ നിന്ന് പേരണ്ടൂർ കനാലിലേക്ക് മാലിന്യം തള്ളുന്നില്ലെന്ന് ഉറപ്പാക്കണം.
8. മഴക്കാലത്തിന് മുമ്പ് പേരണ്ടൂർ കനാലിലെ ചെളി നീക്കണം.
9. അമിക്കസ് ക്യൂറിമാരായ സുനിൽ ജേക്കബ് ജോസ്, എ.ജി.സുനിൽകുമാർ, ഗോവിന്ദ് പദ്മനാഭൻ എന്നിവരുടെ സേവനം തുടരണം.