കോതമംഗലം: കോതമംഗലത്ത് മുസ്ലീംലീഗിൽ ഇരുപക്ഷങ്ങൾ തമ്മിലുണ്ടായിരുന്ന ഭിന്നത ജില്ലാ,സംസ്ഥാന നേതൃത്വങ്ങൾ ഇടപെട്ട് ഒത്തുതീർപ്പാക്കി. നിയോജകമണ്ഡലത്തിലും നെല്ലിക്കുഴി, പല്ലാരിമംഗലം പഞ്ചായത്തുകളിലും ഭാരവാഹികളേയും കമ്മിറ്റിയേയും പ്രഖ്യാപിച്ചു. പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നുവരെ തിരിച്ചെടുത്തു. കെ.എം.ആസാദ്, അബു കൊട്ടാരം, സി.എം.ഇബ്രാഹിംകുട്ടി, പി.എ. ഷിഹാബ്, എന്നിവരാണ് തിരിച്ചെത്തിയത്. ഇരുപക്ഷങ്ങൾക്കും തുല്യപരിഗണന നൽകിയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തിട്ടുള്ളത്. പി.എം. സക്കറിയയാണ് പുതിയ നിയോജകമണ്ഡലം പ്രസിഡന്റ്. കെ.കെ. മുഹമ്മദ് ഇക്ബാലിനെ ജനറൽ സെക്രട്ടറിയായും പി.എം.എ കരീമിനെ ട്രഷററായും നിയോഗിച്ചു. പല്ലാരിമംഗലത്ത് നിസാർ കന്നേക്കുടി ( പ്രസിഡന്റ് ), കെ.എ. മുഹമ്മദ് (ജനറൽ സെക്രട്ടറി), മക്കാർ കുറിഞ്ഞിലക്കാട്ട് (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.
നെല്ലിക്കുഴിയിൽ എൻ.എം .ഷംസുദ്ദീനെ പ്രസിഡന്റായും പി.എ. ഷിഹാബിനെ ജനറൽ സെക്രട്ടറിയായും കെ.കെ. ഷെരീഫിനെ ട്രഷററായും നിയോഗിച്ചു.
കഴിഞ്ഞവർഷം പ്രഖ്യാപിച്ച നിയോജകമണ്ഡലം ഭാരവാഹികളുടെ ചുമതലയേൽക്കൽ ചടങ്ങ് കൈയാങ്കളിയിലെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നാലുപേരെ പുറത്താക്കിയത്. നിയോജകമണ്ഡലം കമ്മിറ്റിയുടെ ആസ്ഥാനമായ ലീഗ്ഹൗസ് ഇപ്പോൾ പൂട്ടിക്കിടക്കുകയാണ്. ഒത്തുതീർപ്പായതോടെ ഓഫിസ് തുറക്കാൻ കഴിഞ്ഞേക്കും.