pic

കൊച്ചി: നഗരത്തിനു നടുവിലെ താന്തോണിത്തുരുത്തിലുള്ളവരുടെ ദുരിത ജീവിതത്തിന് പരിഹാരമാകുന്ന ഔട്ടർ ബണ്ടിന്റെ നിർമ്മാണം നീളുന്നു. ഇവിടെ ഔട്ടർ ബണ്ട് നിർമ്മിക്കുന്നതിനുള്ള ഫണ്ട് ഈ വർഷം ആദ്യമാണ് അനുവദിച്ചത്. ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ ഒന്നുമായില്ല. ആകെ ആവശ്യമുള്ള 90 പൈലുകളിൽ 11 എണ്ണം ഇവിടെ കൊണ്ടുവരിക മാത്രമാണ് ചെയ്തിട്ടുള്ളത്.

താന്തോണിത്തുരുത്തിലെ വെള്ളക്കയറ്റത്തിന്റെ ദുരിതത്തിന് പരിഹാരം കാണണമെന്ന ഇവരുടെ ആവശ്യങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. 12 വർഷം മുൻപ് ഇതിനായി ആറ് കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ഒന്നും നടന്നില്ല. ഏറെ നാളത്തെ ചർച്ചകൾക്കും സമരങ്ങൾക്കുമൊടുവിൽ ഇക്കഴിഞ്ഞ മാർച്ചിലാണ് വീണ്ടും മൂന്ന് കോടിയോളം അനുവദിച്ചത്.

ജിഡയുടെ മുൻപിൽ പാതിരാത്രിയിൽ താന്തോണിത്തുരുത്തുകാർ കുത്തിയിരിപ്പ് സമരം നടത്തിയതിനു പിന്നാലെയായിരുന്നു ഇത്. കോർപ്പറേഷനിലെ 74-ാം ഡിവിഷന്റെ ഭാഗമായ ഇവിടുത്തെ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുമെന്നായിരുന്നു അന്ന് കളക്ടറും ജനപ്രതിനിധികളും നൽകിയ ഉറപ്പ്. ജൂൺ 20നുള്ളിൽ നിർമ്മാണ ജോലി തുടങ്ങുമെന്ന് അധികൃതർ മേയ് മാസത്തിൽ വീണ്ടും ഉറപ്പ് നൽകി അതും നടപ്പായില്ല. ഇപ്പോൾ വീണ്ടും ഇവിടെ വേലിയേറ്റം രൂക്ഷമായി. നവംബർ ഡിസംബർ മാസങ്ങളിൽ വേലിയേറ്റം അതിരൂക്ഷമാകുമെന്നും ജനങ്ങൾ പറയുന്നു.

കുടിവെള്ളവും പ്രശ്നത്തിൽ

63 കുടുംബങ്ങളിലായി 250ലേറെ ആളുകളാണ് താന്തോണിത്തുരുത്തിൽ ഇപ്പോഴുള്ളത്. 85ലേറെ കുടുംബങ്ങൾ ഉണ്ടായിരുന്ന ഇവിടെ നിന്ന് നിരവധി കുടുംബങ്ങൾ സ്ഥലവും സ്വപ്നങ്ങളും ഉപേക്ഷിച്ച് പോയി.വീടുകളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് ഒന്നിലേറെ വാൽവുകൾ ഇവിടെ സ്ഥാപിച്ചിരുന്നു. ഇതിൽ അഞ്ച് വാൽവുകളും വേലിയേറ്റ വെള്ളത്തിനടിയിലാണ്. ഇതോടെ ഈ വാൽവുകളിൽ നിന്ന് കുടിവെള്ളം എടുക്കാൻ കഴിയാത്ത അവസ്ഥയിലായി. വാൽവിന്റെ ഉയരം കൂട്ടണമെന്ന് ഒന്നിലേറെ തവണ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടിയായില്ല.

ഫണ്ട് ഇതുവരെ ലഭിച്ചില്ല എന്നാണ് ന്യായം പറയുന്നത്. ഞങ്ങളുടെ കാത്തിരിപ്പ് നീളുകയാണ്
അംബാസുതൻ
താന്തോന്നി തുരുത്ത്