stadium
കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം

കൊച്ചി: 'കണ്ടിട്ട് പേടിയാകുന്നു. ചുറ്റും ഹോട്ടലുകൾ. പാചകവാതക സിലിണ്ടറുകൾ. പിന്നെ ഈ കുലുക്കം"- 2024ൽ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഐ.എസ്.എൽ മത്സരം കാണാനെത്തിയ അന്നത്തെ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി വിൻഡ്‌സർ ജോണിന്റെ വാക്കുകളാണിത്. അർജന്റീന ഫുട്ബാൾ ടീമിന്റെ വരവുമായി ബന്ധപ്പെട്ട് നടക്കുന്ന കലൂർ സ്റ്റേഡിയത്തിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായാലും ജോണിനെ പേടിപ്പിച്ച സാഹചര്യത്തിൽ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായി. സ്റ്റേഡിയത്തിലെ കടകളും റെസ്റ്ററന്റുകളും നിലനിറുത്തുമെന്ന് ഉടമസ്ഥരായ ജി.സി.ഡി.എയുടെ നിലപാടും ടോപ്പ് ഗ്യാലറിയിൽ കാണികളെ നിജപ്പെടുത്തിയത് തുടരുമെന്നതും ഇത് തുറന്നുകാട്ടുന്നു. കാണികളാർത്തു വിളിക്കുമ്പോൾ സ്റ്റേഡിയം ഇടിഞ്ഞുവീഴുമെന്ന് തോന്നുംപോലെയാണ് കുലുങ്ങുക. കോൺക്രീറ്റ് പാളികൾ അടർന്നു വീഴുന്നതും പതിവ്. വിള്ളലുകളും സ്റ്റേഡിയത്തിൽ ഏറെയുണ്ട്. അറ്റകുറ്റപ്പണിയിൽ ഇത് പരിഹരിച്ചേക്കും.

സ്റ്റേഡിയത്തിന്റെ സുരക്ഷയിൽ ഫുട്ബാൾ ഫെഡറേഷൻ പലവട്ടം സംശയം പ്രകടിപ്പിച്ചതോടെയാണ് ടോപ്പ് ഗ്യാലറിയിലെ കപ്പാസിറ്റി നിജപ്പെടുത്തിയത്. സുരക്ഷയെ ചൊല്ലി 2017ലെ അണ്ടർ 17 ലോകകപ്പ് വേദിയായത് മുതൽ നിരവധി ആരോപണങ്ങളുയർന്നെങ്കിലും ജി.സി.ഡി.എ കാര്യമായ നടപടികൾ സ്വീകരിച്ചിട്ടില്ല. ഹോം ഗ്രൗണ്ടിന് സുരക്ഷയില്ലെന്നതുൾപ്പെടെ മൂന്ന് കാരണങ്ങളിൽ കുടുങ്ങിയാണ് ബ്ലാസ്റ്റേഴ്‌സിന് പ്രീമിയർ വൺ ലൈസൻസ് നിഷേധിക്കപ്പെട്ടത്.

നിജപ്പെടുത്തിയ ടോപ്പ് ഗാലറിയിലെ കപ്പാസിറ്റി

35,000

കലൂർ സ്റ്റേഡിയത്തിനു ചുറ്റും കടകളും ഹോട്ടലുകളും പ്രവർത്തിക്കുന്നുണ്ട്. മത്സരദിവസങ്ങളിൽ മാത്രമാണ് കടകൾ അടച്ചിടാറ്. അതേസമയം ഗ്യാസ് സിലിണ്ടർ ഉൾപ്പെടെയുള്ള അപകടകരമായ വസ്തുക്കൾ ഇതിനകത്ത് തന്നെ സൂക്ഷിക്കുകയും ചെയ്യും. ഏതാനും മാസം മുമ്പ് സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ഐ ഡെലി എന്ന റെസ്റ്ററന്റിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു ഹോട്ടൽ ജീവനക്കാരൻ മരിച്ചിരുന്നു. ഉമ തോമസ് എം.എൽ.എയ്ക്ക് ഗുരുതരമായി പരിക്കേൽക്കാനിടയായ നൃത്ത പരിപാടിക്ക് പിന്നാലെ സ്റ്റേഡിയത്തിന്റെ നിലവാരത്തെക്കുറിച്ച് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് തന്നെ പരസ്യ പ്രസ്താവന ഇറക്കേണ്ടിവന്നു.

 തിരിച്ചു കിട്ടുമോ സ്റ്റേഡിയം
ഹോം ഗ്രൗണ്ട് എന്ന നിലയ്ക്ക് 2017 മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ആണ് സ്റ്റേഡിയത്തിലെ പിച്ച് പരിപാലിക്കുന്നത്. സീറ്റിംഗ്, സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ മറ്റ് കാര്യങ്ങളിലാണ് ജി.സി.ഡി.എക്ക് പരിപാലന ചുമതലയുള്ളത്. സാധാരണ രീതിയിൽ ബ്ലാസ്റ്റേഴ്‌സ് ഓരോ ഹോം മാച്ചിനും പിച്ച് ഒരുക്കുന്നതുപോലെയുള്ള ഒരുക്കങ്ങൾ മാത്രമേ മെസിയുടെ വരവിനായി സ്‌പോൺസർമാർ ഒരുക്കിയിട്ടുള്ളൂവെന്നാണ് വിവരം. ഐ.എസ്.എൽ ആകുമ്പോഴേയ്ക്ക് സ്റ്റേഡിയം തിരിച്ചുകിട്ടുമോയെന്ന ആശങ്ക ബ്ലാസ്റ്റേഴ്‌സിന്റെ കടുത്ത ആരാധകർക്കിടയിലുണ്ട്.

സ്റ്റേഡിയത്തിന് യാതൊരു ബലക്ഷയയവുമില്ല. ചെറിയ വിള്ളലുകളും മറ്റും അറ്റകുറ്റപ്പണിയോടെ ഇല്ലാതാകും.
ജി.സി.ഡി.എ