കാക്കനാട്: ആഴ്ചകളായി തൃക്കാക്കര നഗരസഭയിൽ കൂട്ടിയിട്ടിരിക്കുന്ന ജൈവ-അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ നടന്ന കൗൺസിൽ യോഗം പ്രതിപക്ഷ അംഗങ്ങൾ ബഹിഷ്കരിക്കുകയും പ്രതിഷേധം നടത്തുകയും ചെയ്തു. നഗരസഭയിലെ 43 ഡിവിഷനുകളിൽ നിന്ന് ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിച്ച മാലിന്യങ്ങളാണ് നഗരസഭാ ഓഫീസിന് പരിസരത്ത് ചീഞ്ഞളിഞ്ഞു പുഴുവരിക്കുന്ന അവസ്ഥയിൽ കുമിഞ്ഞുകൂടി കിടക്കുന്നത്.
ഓഫീസ് ആവശ്യങ്ങൾക്കായി വരുന്നവരും വിദ്യാർത്ഥികളും ഉൾപ്പെടെ ആയിരക്കണക്കിന് യാത്രക്കാരാണ് ഈ മാലിന്യ കൂമ്പാരത്തിന് സമീപത്തുകൂടി സഞ്ചരിക്കുന്നത്. പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ മാലിന്യനീക്കം മുടങ്ങിയിരിക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്. മൂക്ക് പൊത്താതെ നഗരസഭ ഓഫീസിൽ കയറാൻ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കു മുമ്പ് മാലിന്യമുക്ത നഗരസഭ എന്ന പ്രഖ്യാപനം കളക്ടർ നടത്തിയതിന് പിന്നാലെയാണ് ഈ ദുരവസ്ഥ.
മാലിന്യനീക്കം നിലച്ചതിൽ പ്രതിഷേധിച്ച് ഇന്നലെ ഹരിത കർമ്മ സേനാംഗങ്ങൾ പണിമുടക്കി. നഗരസഭ തിരഞ്ഞെടുപ്പ് പടിവാതിൽ എത്തിനിൽക്കെ യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയിൽ മാലിന്യ വിഷയം ഉയർത്തി പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് എൽ.ഡി.എഫ്.
മാലിന്യം കെട്ടിക്കിടക്കുന്നത് മൂലം പല ഹരിത കർമ്മ സേനാംഗങ്ങളും പകർച്ചവ്യാധികൾ പിടിപെട്ട് ചികിത്സയിലാണ്. ഈ നില തുടരുകയാണെങ്കിൽ ശക്തമായ സമരവുമായി ഞങ്ങൾ മുന്നോട്ടു പോകും
ടെസ്സി രതീഷ്
ഹരിതകർമ്മ സേനാംഗം
നിലവിൽ മാലിന്യം നീക്കം ചെയ്യുന്ന കരാറുകാരന് മാലിന്യ സംസ്കരണത്തിന് മതിയായ സംവിധാനങ്ങൾ ഇല്ല. മാലിന്യക്കരാറിൽ അഴിമതി ഉണ്ട്. മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്തില്ലെങ്കിൽ എൽ.ഡി. എഫ് ശക്തമായ സമരം സംഘടിപ്പിക്കും
കെ.എക്സ്. സൈമൺ
പ്രതിപക്ഷ ഉപനേതാവ്
മാലിന്യനീക്കം ഉടൻ ആരംഭിക്കും. 5 ദിവസത്തിനുള്ളിൽ മാലിന്യങ്ങൾ പൂർണമായി നീക്കും.
പ്രതിപക്ഷത്തിന്റെ സമരം രാഷ്ട്രീയപ്രേരിതമാണ്.
വർഗീസ് പ്ലാശേരി
ആരോഗ്യ സ്റ്റാൻഡിംഗ്,
കമ്മിറ്റി ചെയർമാൻ