thuruth1
നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട പെരിയാറിനു നടുക്കുള്ള പ്രകൃതി രമണീയമായ ടൂറിസ്റ്റ് സെന്റർ കൂടിയായ ഒക്കൽ തുരുത്ത്

പെരുമ്പാവൂർ: വിനോദസഞ്ചാരകേന്ദ്രവും ഷൂട്ടിംഗ് ലൊക്കേഷനുമായ ഒക്കൽ തുരുത്തിലേക്ക് ചപ്പാത്തിനു തുടർച്ചയായി 17.5 ലക്ഷംരൂപ ചെലവിൽ ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ -കനാൽബണ്ട് കോൺക്രീറ്റ് റോഡായി. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തുനിവാസികൾ മറുകരയെത്താൻ വള്ളങ്ങളെയാണ് നേരത്തെ ആശ്രയിച്ചിരുന്നത്. കുട്ടികൾക്കും മറ്റും പഠിക്കാൻ പോകുന്നത് ഏറെ ക്ളേശകരമായത് മനസിലാക്കിയാണ് സാജു പോൾ എം.എൽ.എ ആയിരുന്ന സമയത്ത് തുരുത്തിലേക്ക് വഴിയൊരുക്കുന്നതിനായി ചപ്പാത്ത് നിർമ്മിച്ചത്. ചപ്പാത്തിന് തുടർച്ചയായിട്ടാണ് കോൺക്രീറ്റ് റോഡ് നിർമ്മാണം. 250 മീറ്റർ റോഡാണ് നിർമ്മിക്കേണ്ടതക. ഇതിൽ ആദ്യഘട്ടമായി 150 മീറ്റർ നിർമ്മാണം പൂർത്തിയായി. ഇനിയും 200മീറ്റർ ഭാഗംകൂടി കോൺക്രീറ്റ് ചെയ്താലേ തുരുത്തിലുള്ള ഗുരുദേവ ക്ഷേത്രത്തിലേക്കും ശിവരാത്രി മണപ്പുറത്തേക്കും എത്താൻ കഴിയുകയുള്ളു. ഇപ്പോൾ വാർഡ് മെമ്പറുടെ വീടിന്റെ ഭാഗംവരെയേ റോഡ് കോൺക്രീറ്റ് ചെയ്തിട്ടുള്ളു. ബാക്കിയുള്ള ഭാഗം ചെളിക്കളമായി കി​ടക്കുകയാണ്.

പെരിയാറിനാൽ ചുറ്റപ്പെട്ട തുരുത്ത് സ്വാതന്ത്ര്യത്തിനുമുമ്പ് തൃപ്പൂണിത്തുറ അമ്മൻകോവിലകം വകയായിരുന്നു. അന്ന് അറിയപ്പെട്ടിരുന്നത് കാഞ്ഞൂർ തുരുത്ത് എന്നായിരുന്നു. കൂവപ്പടി​ പഞ്ചായത്ത് വിഭജിച്ച് ഒക്കൽ പഞ്ചായത്ത് രൂപീകരിച്ചതോടെയാണ് ഇവി​ടേക്കുള്ള യാത്രാക്ലേശത്തിന് കുറച്ചെങ്കി​ലും പരിഹാരമായത്. രാജഭരണകാലത്ത് ഇടവൂർ ശ്രീശങ്കര നാരായണ ക്ഷേത്രനിർമ്മാണ ആലോചനയ്ക്കുവന്ന ശ്രീനാരായണ ഗുരുദേവൻ ഈ തുരുത്ത് സന്ദർശി​ച്ചി​രുന്നു. ഇതിന്റെ സ്മരണയ്ക്കായാണ് ഒക്കൽ തുരുത്തിൽ ഗുരുദേവൻ ഇരിക്കാറുണ്ടായിരുന്ന ഭാഗത്ത് ഗുരുദേവ ക്ഷേത്രം നിർമ്മിച്ചത്. അതിന്റെ തുടർച്ചയായാണ് ഒക്കൽ ശിവരാത്രിയും ആരംഭിച്ചത്.

താമസക്കാർ 24 കുടുംബങ്ങൾ

1 ടൂറിസം വികസനത്തിനായി 40 ഏക്കർ സ്ഥലം റവന്യൂ പുറമ്പോക്കായി അളന്നുതിരിച്ചിട്ടുണ്ട്

2 പട്ടയമുള്ള 20 ഏക്കറിൽ 24 കുടുംബങ്ങളാണ് തുരുത്തിലെ താമസക്കാർ

3 അതി​ർത്തി​കൾ വേർ തി​രി​ക്കാതെയാണ് ഇവർ കഴി​യുന്നത്. വേലി​യോ മതി​ലോ ഇല്ല. ഒരു വീട് കഴി​ഞ്ഞാൽ അടുത്തവീട്

4 8 കുടുംബങ്ങൾ തുരുത്തിനു പുറത്തേക്ക് താമസം മാറിപ്പോയി

5 നിലവിലുള്ള ചപ്പാത്ത് മഴക്കാലത്ത് മുങ്ങിപ്പോകാതിരിക്കാൻ 2 മീറ്റർ ഉയർത്തണമെന്നാണ് തുരുത്തിലുള്ളവരുടെ ആവശ്യം