road
കടുങ്ങല്ലൂർ പഞ്ചായത്ത് കവലക്ക് സമീപം എടയാർ റോഡിൽ കലുങ്ക് നിർമ്മാണം നടക്കുന്നു

ആലുവ: തകർന്ന് തരിപ്പണമായി കിടക്കുന്ന യു.സി കോളേജ് - എടയാർ റോഡിന്റെ നവീകരണം മേയ് 19നകം പൂർത്തിയാക്കും. റോഡ് നവീകരണത്തിന്റെ ഭാഗമായി മുപ്പത്തടം പഞ്ചായത്ത് കവലയിൽ കലുങ്ക് നിർമ്മാണവും ടൈൽവിരിക്കലുമെല്ലാം അതിവേഗം നടക്കുകയാണ്.

ആഗസ്റ്റ് 20ന് കരാറുകാരൻ പാറക്കടവ് സ്വദേശി കെ. എൽദോ ജോസിന് സൈറ്റ് കൈമാറിയിട്ടുണ്ട്.
എടയാർ - യു.സി കോളേജ് റോഡ് സഞ്ചാരയോഗ്യമാകുന്നതോടെ പൊതുവാഹനങ്ങൾക്കൊപ്പം ചരക്ക് വാഹനങ്ങൾക്കും വലിയ ആശ്വാസമാകും. കളമശേരി, ഏലൂർ ഭാഗത്തുനിന്നും അങ്കമാലി, തൃശൂർ ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹനങ്ങൾ ആലുവ മാർത്താണ്ഡവർമ്മ പാലംമുതൽ പറവൂർ കവലവരെയുള്ള ഭാഗത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ എടയാർ - യു.സി കോളേജ് വഴിയാണ് പോയിരുന്നത്. റോഡ് തകർന്നതോടെ ഈ വാഹനങ്ങളെല്ലാം കളമശേരി, പ്രീമിയർകവല, ആലുവവഴി പോകുന്നത് വലിയ ഇന്ധന - സമയ നഷ്ടമാണ് സൃഷ്ടിക്കുന്നത്. റോഡ് നവീകരണം പൂർത്തിയാകുന്നതോടെ ഇതിന് പരിഹാരമാകും.

നിർമ്മാണം സമയബന്ധിതമായി തീർക്കും: മന്ത്രി പി. രാജീവ്

ജലജീവൻ പദ്ധതിക്കായി പൈപ്പുകൾ സ്ഥാപിക്കുന്നതിലുണ്ടായ കാലതാമസമാണ് പാതാളം - യു.സി കോളേജ് റോഡിന്റെ നവീകരണം നീളാൻ കാരണമായതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. പദ്ധതി നീണ്ടതോടെയാണ് സാധാരണ ടാറിംഗ് ബി.എം.ബി.സി നിലവാരത്തിലാക്കാൻ വഴിയൊരുക്കിയത്. നിർമ്മാണം സമയബന്ധിതമായി തീർക്കുമെന്നും മന്ത്രി പറഞ്ഞു. മുപ്പത്തടത്ത് എടയാർ റോഡ് പുനരുദ്ധാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷനായി.

ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ആർ. രാജലക്ഷ്മി, വി.എം. ശശി, പി.എ. അബൂബക്കർ, വി.കെ. ശിവൻ, കെ.എൻ. രാജീവ് എന്നിവർ സംസാരിച്ചു.

ചെലവ് 3.85 കോടി രൂപ

1 യു.സി കോളേജ് കവലയിൽ നിന്നാരംഭിച്ച് പാതാളം ഫെറിയിൽ അവസാനിക്കുന്ന 5.6 കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡിന്റെ നവീകരണത്തിനായി പൊതുമരാമത്ത് വകുപ്പ് 3.85 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്

2 ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ്, കാനകൾ, കലുങ്ക് നിർമ്മാണം, ഗതാഗത സുരക്ഷ സൗകര്യങ്ങൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

3 യു.സി മുതൽ 4.6 കിലോമീറ്റർവരെ ബി.എം.ബി.സി നിലവാരത്തിലാണ് നിർമ്മാണം

4 നിർമ്മാണം പൂർത്തീകരിച്ച് മേയ് 19നകം പൊതുമരാമത്ത് വകുപ്പിന് റോഡ് തിരികെ കൈമാറണമെന്നാണ് വ്യവസ്ഥ.