d

കൊച്ചി: അന്ധവിശ്വാസ വിരുദ്ധ നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറൽ നൽകിയ ഉപദേശം പരിശോധിച്ചുവരികയാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഒരാഴ്ചയ്‌ക്കകം നിലപാട് അറിയിക്കാമെന്നും സർക്കാർ വ്യക്തമാക്കി. തുടർന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ ഹർജി 11ന് പരിഗണിക്കാൻ മാറ്റി.

മന്ത്രവാദവും ആഭിചാരപ്രവർത്തനങ്ങളും തടയാൻ കർശന നിയമനിർമ്മാണം ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. മന്ത്രിസഭയിലെ ആശയക്കുഴപ്പം കാരണം മാറ്റിവച്ച മന്ത്രവാദ, ആഭിചാര നിരോധന ബില്ലിന് പകരം അന്ധവിശ്വാസ വിരുദ്ധ നിയമം കൊണ്ടുവരുമെന്ന് സർക്കാർ നേരത്തേ അറിയിച്ചിരുന്നു. തുടർന്ന് നിയമ നിർമ്മാണത്തിന് പ്രാരംഭ നടപടികളെങ്കിലും സ്വീകരിക്കണമെന്ന് കോടതി നിർദ്ദേശിച്ച സാഹചര്യത്തിലാണ് എ.ജിയുടെ നിയമോപദേശം തേടിയത്.