temple
കാടുകയറി നശിച്ചുകൊണ്ടിരിക്കുന്ന അമ്പലക്കടവ്

പെരുമ്പാവൂർ: ചരിത്ര പ്രാധാന്യമുള്ള ചേരാനല്ലൂർ ശിവക്ഷേത്ര അമ്പലക്കടവ് തകർന്നു തരിപ്പണമായിക്കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. പുഴയിൽ ഇറങ്ങി കുളിക്കുവാനായി ഉണ്ടായിരുന്ന കല്പടവുകളെല്ലാം തകർന്നുപോയി. കല്പടവുകളുടെ അവശിഷ്ടങ്ങൾ മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളു. കടവിന്റെ വശങ്ങൾ കെട്ടിയിരുന്നത് മുഴുവൻ ഇടിഞ്ഞുപോയി. കടവിന്റേയും ക്ഷേത്രത്തിന്റേയും ഭാഗം കാടുകയറി നശിക്കുന്നു. കടവ് പുതുക്കിപ്പണിത് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ പഞ്ചായത്ത് അധികൃതർക്ക് നാട്ടുകാർ പലപ്രാവശ്യം നൽകിയിട്ടും തുടർനടപടിയൊന്നുമില്ല.

ചേരാനല്ലൂർ ശിവക്ഷേത്രം കേരളത്തിലെ 108 ശിവാലയങ്ങളിൽ പ്രശസ്തമായിട്ടുള്ളതാണ്. ക്ഷേത്രഭരണം പ്രത്യേക ട്രസ്റ്റിന്റെ കീഴിലാണ്. എല്ലാ ദിവസവും നല്ല തിരക്കനുഭവപ്പെടുന്ന ക്ഷേത്രത്തിൽ ദൂരെ ദേശത്തുനിന്നും മറ്റുമെത്തുന്നവർ പെരിയാറിന്റെ ഭാഗമായ ഈ കടവിൽ മുങ്ങിക്കുളിച്ച് ശരീരശുദ്ധിയോടെയാണ് ക്ഷേത്രദർശനം നടത്തുന്നത്. കടവിന്റെ തകർച്ചയിൽ ഭക്തജനങ്ങൾ വിഷമിക്കുകയാണ്. പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരമാവശ്യപ്പെട്ട് ബി.ജെ.പി ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.

വികസനത്തിന് കാതോർത്ത്

* പഞ്ചായത്തിന് നിരവധി വികസന പ്രവർത്തനങ്ങൾ നടത്തുവാൻ കഴിയുന്നതാണ് അമ്പലക്കടവിന്റെ ഈ ഭാഗം

* വിശാലമായ കടവിന്റെ മുകൾവശത്തെ 15 സെന്റ് സ്ഥലം ഉപയോഗപ്പെടുത്തി കുട്ടികളുടെ പാർക്ക്, ഓപ്പൺ ജിം എന്നിവയ്ക്ക് സാദ്ധ്യത

* പുഴയുടെ സൈഡ് കെട്ടി നടപ്പാതയും ഇരിപ്പടങ്ങളും നിർമ്മിച്ചാൽ ഇവിടെയെത്തുന്നവർക്ക് പ്രയോജനപ്പെടും