കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എൽ.ഡി.എഫ് സർക്കാർ നടത്തുന്ന പ്രഖ്യാപനങ്ങൾ ജനങ്ങളെ കബളിപ്പിക്കാനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഒമ്പത് വർഷം ജനങ്ങളെ സർക്കാർ ദുരിതത്തിലാക്കി. വെള്ളക്കരം, വൈദ്യുതി ചാർജ്, ഭൂനികുതി തുടങ്ങിയവയെല്ലാം വർദ്ധിപ്പിച്ച് ജനങ്ങൾക്കുമേൽ അമിതഭാരം അടിച്ചേൽപ്പിച്ചു. ഇപ്പോൾ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നത് വഞ്ചനയാണ്. അവ നടപ്പാക്കാൻ സർക്കാരിന് പണമില്ല.
ഇ.പി. ജയരാജന്റെ നേരത്തെ എഴുതിയതും പ്രസിദ്ധീകരിക്കാത്തതുമായ ആത്മകഥയാണ് പ്രസക്തം. ആദ്യ കൈയെഴുത്തുപ്രതി പുറത്തുവന്നാൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഇടപാടുകളുടെ യഥാർത്ഥ ചിത്രം വ്യക്തമാകും. കേന്ദ്രമന്ത്രിയായിരുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയാണ് ജയരാജന്റെ വൈദേഹം റിസോർട്ട് ഏറ്റെടുത്തത്. ഇരുകൂട്ടരും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന് തെളിവാണിത്.
50 വർഷമായി കൈവിട്ടുപോയ കോഴിക്കോട് കോർപ്പറേഷൻ ഉൾപ്പെടെ ഇത്തവണ പിടിച്ചെടുക്കും. ഘടകകക്ഷികളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കും.
ലഹരിവിരുദ്ധ പ്രചാരണം ജനകീയ മുന്നേറ്റമാക്കിയ 'ഗ്രേറ്റ് വാക്ക് എഗെനസ്റ്റ് ഡ്രഗ്‌സ്" ജനങ്ങൾ ഏറ്റെടുത്തു. പ്രചാരണം കോളേജ് ക്യാമ്പസുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.