കോലഞ്ചേരി: ഇഴഞ്ഞുനീങ്ങുന്ന കൊച്ചി - ധനുഷ്കോടി ദേശീയപാത വികസനം കോലഞ്ചേരി മേഖലയിൽ അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. ദേശീയപാതയുടെ വികസനമെന്ന പേരിൽ നടക്കുന്ന പ്രവൃത്തികളാണ് വിവാദത്തിലാകുന്നത്. 35വർഷം മുമ്പുണ്ടായിരുന്ന ദേശീയപാത അതേപടി നിലനിറുത്തി പഴയടാറിംഗ് മാറ്റി ആധുനിക നിലവാരത്തിലുള്ളതാക്കുന്നതൊഴിച്ചാൽ മറ്റൊരു പ്രവൃത്തിയും നടക്കുന്നില്ല. കൈയേറ്റങ്ങൾ പഴയപടി തുടരുമ്പോൾ കോടികൾ മുടക്കിയുള്ള വികസനത്തിന് എന്താണ് അർത്ഥമെന്ന ചോദ്യമാണ് ഉയരുന്നത്. കൊച്ചിയിൽനിന്ന് മൂന്നാർ, കമ്പം, തേനി എന്നിവിടങ്ങളിലേയ്ക്ക് നൂറുകണക്കിന് വാഹനങ്ങൾ പ്രതിദിനം സഞ്ചരിക്കുന്ന റോഡിനാണ് ഈ ദുർഗതി.
കോലഞ്ചേരി ജംഗ്ഷനിൽ പലഭാഗത്തും രണ്ടുബസുകൾ ഒരേസമയം എത്തിയാൽ പെട്ടതുതന്നെ. കോലഞ്ചേരി ഭാരത് പെട്രോളിയം പമ്പിനും ഹിന്ദുസ്ഥാൻ പെട്രോൾപമ്പിനും ഇടയിൽ കഴുനിലം പാലത്തിൽ കുപ്പിക്കഴുത്ത് പോലെയാണ് പാത. ഇവിടെ ഒരു ബസിന് കടന്നുപോകാനുള്ള വീതിയാണുള്ളത്. കഴുനിലംവളവിൽ ചിലയിടത്ത് വീതികൂടുതലും ചിലയിടത്ത് കുറവുമാണ്.
പാതയുടെ ടാറിംഗുമായി ബന്ധപ്പെട്ട് റോഡുതാഴ്ത്തി മണ്ണുമാറ്റി ജി.എസ്.ബി മിശ്രിതം ഉപയോഗിച്ച് പൊക്കിയശേഷമാണ് ടാറിംഗ് നടത്തുന്നത്. ഓരോനിരയായി മിശ്രിതം ഇടുമ്പോൾ വൈബ്രേറ്റർ സോയിൽ കോംപാക്റ്റർ റോഡ് റോളർ ഉപയോഗിച്ചാണ് ഉറപ്പിക്കുന്നത്. 20ടൺ മുതൽ പ്രഷർ കൊടുത്താണ് ഉറപ്പിക്കൽ. ഇതോടെ മണ്ണിനടിയിലുള്ള പൈപ്പുകൾക്ക് സാരമായ കേടുപാടുകളുണ്ടാകും. പിന്നീട് ജലവിതരണത്തിലെ മർദ്ദത്തിൽ നേരിയ മാറ്റംവരുമ്പോൾ അവിടെപൊട്ടലുണ്ടാകും. പൈപ്പ് മാറ്റാതെ നടത്തിയ ദേശീയപാത നിർമ്മാണം കനത്ത തിരിച്ചടിയായി മാറിക്കഴിഞ്ഞു.
പൈപ്പുപൊട്ടൽ തുടർക്കഥയായതോടെ പത്താംമൈലിലും സ്ഥിതിവ്യത്യസ്തമല്ല. 35വർഷം പഴക്കമുള്ള ആസ്ബസ്റ്റോസ് പൈപ്പുകൾ മാറ്റാതെയാണ് ദേശീയപാതയിലെ ടാറിംഗ് പൂർത്തിയാക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ 5 പ്രാവശ്യമാണ് ഇവിടെ പൈപ്പുപൊട്ടിയത്.
പരാതികളുടെ പരമ്പര
1 ഒരുകിലോമീറ്റർ പുനരുദ്ധാരണത്തിന് 7കോടി രൂപ
2 വീതിവർദ്ധിപ്പിക്കാതെ നടത്തുന്ന റീ ടാറിംഗ് യാത്രക്കാർക്ക് പ്രയോജനപ്പെടില്ല
3 കോടികൾ മുടക്കിയുള്ള ദേശീയപാത വികസനം ലക്ഷ്യത്തിലെത്തില്ലെന്ന് ആശങ്ക
4 കൈയേറ്റങ്ങൾ ഒഴിപ്പാക്കാതെ റോഡ് ടാറിംഗ് വീണ്ടും ഗതാഗതക്കുരുക്കുണ്ടാക്കും
5 പൈപ്പ് മാറ്റാതെ ടാറിംഗ് പൂർത്തിയാക്കിയത് നിർമ്മാണം പൂർത്തിയായ റോഡ് തകരുന്നതിനും കാരണമാകുന്നു
6 പൈപ്പ് പൊട്ടുന്നതുമൂലം പൂതൃക്ക, തിരുവാണിയൂർ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണവും മുടങ്ങുന്നു