
കൊച്ചി: ട്രെയിൻ യാത്രക്കാരന്റെ മൊബൈൽ ഫോൺ കവർന്ന കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായി. പശ്ചിമബംഗാൾ ചിനാപൂർ സ്വദേശി അലി മുഹമ്മദിനെ (21) കേരളത്തിൽ തിരിച്ചെത്തി ദിവസങ്ങൾക്കകമാണ് എറണാകുളം നോർത്ത് ആർ.പി.എഫ് സി.ഐ വിനോദ് ജി. നായരും എറണാകുളം റെയിൽവേ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പം കവർച്ചയിൽ പങ്കാളികളായ ഇതരസംസ്ഥാന തൊഴിലാളികളായ മുഹമ്മദ് കാസിം (21), മുന്നാ മുസ്താക്ക് (32), അബ്ദുൾ ലെക്കിം (21)എന്നിവർ കവർച്ച നടന്ന് മണിക്കൂറുകൾക്കകം പിടിയിലായിരുന്നു.
കഴിഞ്ഞ ആഗസ്റ്റ് 16ന് എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടെ പുല്ലേപ്പടി റെയിൽവേ മേൽപ്പാലത്തിന് സമീപം പകൽ നേരത്തായിരുന്നു കവർച്ച. സെക്കന്ദരാബാദിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലേക്ക് പോയ ശബരി എക്സ്‌പ്രസിലെ യാത്രക്കാരനായ പത്തനംതിട്ട സ്വദേശിയുടെ ഫോണാണ് നാലംഗസംഘം കവർന്നത്. ട്രാക്കിന് സമീപം മറഞ്ഞിരുന്ന മോഷ്ടാക്കൾ ട്രെയിൻ അടുത്തെത്തിയപ്പോൾ വാതിൽപ്പടിയിലിരുന്ന യാത്രക്കാരന്റെ തലയ്‌ക്ക് കൈകൊണ്ട് അടിക്കുകയും മറ്റൊരാൾ മൊബൈൽ തട്ടിയെടുക്കുകയും ചെയ്തു. മറ്റ് പ്രതികൾ അറസ്റ്റിലായതറിഞ്ഞ് നാട്ടിലേക്ക് മുങ്ങിയ അലി മുഹമ്മദ് ഏതാനും ദിവസം മുമ്പ് ചേർത്തലയിൽ തിരിച്ചെത്തിയിരുന്നു. തുടർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.