p-rajive
കാർഷിക ഉത്പന്നങ്ങൾ വീടുകളിൽ എത്തിക്കുന്നതിനുള്ള വിപണന വാഹനം മന്ത്രി പി. രാജീവ് ഫ്ളാഗ് ഓഫ് ചെയ്യുന്നു

കളമശേരി: നിയമസഭാ മണ്ഡലത്തിലെ കൃഷിയിടങ്ങളിൽ നിന്നുള്ള കാർഷികോത്പന്നങ്ങൾ വീടുകളിലേക്കും ഫ്ളാറ്റുകളിലേക്കും എത്തിക്കുന്നതിനായി പ്രത്യേക വിപണന വാഹനം പുറത്തിറക്കി. മണ്ഡത്തിൽ മന്ത്രി പി.രാജീവ് നടപ്പാക്കുന്ന കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി ഇടപ്പള്ളി വടക്കുംഭാഗം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് വാഹനം നിരത്തിലിറക്കിയത്.

കൃഷിയിടങ്ങളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന പഴവർഗങ്ങൾ, പച്ചക്കറികൾ വിവിധ സഹകരണ സംഘങ്ങൾ പുറത്തിറക്കുന്ന മൂല്യവർദ്ധിത ഉത്പന്നങ്ങൾ, പാൽ, മുട്ട തുടങ്ങിയ ഇനങ്ങളാണ് പ്രധാനമായും വില്പനയ്ക്ക് ഉണ്ടാവുക. ദിവസവും രണ്ടു തവണ വിവിധ ഫ്ളാറ്റുകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ തിരഞ്ഞെടുത്ത കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വാഹനം എത്തും. രാവിലെ 8ന് ആരംഭിക്കുന്ന ആദ്യ വിപണനം 11മണി വരെ നടത്തും. ഉച്ചയ്ക്ക് 2 മണിക്ക് വിളവെടുത്ത് വൈകിട്ട് 3 മുതൽ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിൽ വില്പനക്കെത്തിക്കുന്നതാണ് രണ്ടാമത്തെ ഷെഡ്യൂൾ.

ചങ്ങമ്പുഴ നഗറിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി പി. രാജീവ് വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. കൗൺസിലർ വാണീദേവി അദ്ധ്യക്ഷയായി. സംഗീത സംവിധായകൻ അൽഫോൻസ്, വി.എം. ശശി, വിജയൻ പള്ളിയാക്കൽ, ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.