anu-vattathara
പറവൂർ നഗരസഭ കൗൺസിലർ അനു വട്ടത്തറ കെ.എസ്.ഇ.ബി ഓഫീസിൽ നടത്തിയ കുത്തി​യി​രി​പ്പ് സമരം

പറവൂർ: നഗരസഭയി​ലെ പെരുമ്പടന്ന 29-ാം വാർഡിലെ എല്ലാ വീടുകളിലും സോളർപ്ലാന്റ് സ്ഥാപിച്ച് തടസമില്ലാത്ത വൈദ്യുതി ലഭിക്കുന്ന വാർഡാക്കി മാറ്റാനുള്ള ലക്ഷ്യത്തി​ന് കെ.എസ്.ഇ.ബി​യുടെ നി​സഹകരണം പാരയായതായി​ കൗൺ​സി​ലർ. ട്രാൻഫോർമറുകളുടെ കപ്പാസിറ്റിക്കുറവി​നാലാണ് പദ്ധതി പാതിവഴിയിലാണ്. കെ.എസ്.ഇ.ബിയുടെ അനാസ്ഥയ്ക്കെതിരെ വാർ‌ഡ് കൗൺസിലർ അനു വട്ടത്തറ കെ.എസ്.ഇ.ബി ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തി.

കഴിഞ്ഞ മേയിൽ ആരംഭിച്ച പദ്ധതിയിൽ 48 വീടുകളിൽ സോളാർ പാനൽ സ്ഥാപിച്ചു. ട്രാൻഫോർമറുകളുടെ കപ്പാസിറ്റിക്കുറവുകാരണം നൂറിലധികം വീടുകളിൽ പ്ളാന്റ് സ്ഥാപിക്കാനായിട്ടില്ല. സംസ്ഥാനത്ത് ആദ്യമായാണ് ഇവി​ടെ സമ്പൂർണ സോളർ വാർഡ് പദ്ധതിക്ക് തുടക്കമിട്ടത്.

കേന്ദ്ര സർക്കാരിന്റെ 'സൂര്യഘർ' പദ്ധതിയി​ൽ സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിന് ഉപഭോക്താക്കൾക്ക് എസ്.ബി.ഐ ഉൾപ്പെടെയുള്ള ബാങ്കുകൾ കുറഞ്ഞ പലിശയ്ക്ക് വായ‌്പ നൽകും. വായ്‌പയെടുക്കാതെ തുക നൽകിയും പ്ലാന്റ് സ്ഥാപിക്കാം. 78, 000രൂപ സബ്സിഡി ലഭിക്കും.

25വർഷം സോളാ‌ർപാനലിനും 10വർഷം ഇൻവെർട്ടറിനും ഗ്യാരന്റി പ്ളാന്റ് സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥകളും ഉപകരണങ്ങളുടെ ഗ്യാരന്റി സംബന്ധിച്ച് ബഹുരാഷ്ട്ര കമ്പനിയായ ഐക എന‌ർജിയുമായി എം.ഒ.യു ഒപ്പുവച്ചു. ഇതുകൂടാതെ ഓരോ ഉപഭോക്താക്കളുമായും പ്രത്യേക കരാ‌ർ ഒപ്പുവച്ചു.

ആകെ വീടുകൾ 272

പ്ളാന്റ് സ്ഥാപിച്ചത് 48

ഈ പദ്ധതി​ക്കുമുമ്പ് സ്ഥാപി​ച്ചത് 25 വീടുകളിൽ

പ്ളാന്റ് സ്ഥാപിക്കാൻ അപേക്ഷ ലഭിച്ചത് 140 ലധികം വീടുകളിൽ

ആവശ്യങ്ങൾ

പദ്ധതിക്ക് ആവശ്യമായ ട്രാൻഫോർമർ സ്ഥാപിക്കുക. സോളാർ പ്ളാന്റ് സ്ഥാപിച്ച് വീടുകളിൽ കണക്ഷൻ നൽകുക. കെ.എസ്.ഇ.ബിയുടെ നിസഹകണം അവസാനിപ്പിച്ച് സോളാർ പദ്ധതിയെ പ്രോത്സാഹിപ്പിക്കുക.

ട്രാൻഫോർമാർ കപ്പാസിറ്റി രണ്ട് മാസത്തിനുള്ളിൽ കൂട്ടാമെന്നും പ്ളാന്റ് സ്ഥാപിച്ച് വീടുകളിൽ കണക്ഷൻ ഉടൻ നൽകുമെന്നും കെ.എസ്.ഇ.ബി അധികൃതർ ഉറപ്പ് നൽകിയി​ട്ടുണ്ട്

അനു വട്ടത്തറ, കൗൺസിലർ