വൈപ്പിൻ: കുട്ടികളിലുൾപ്പെടെ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം തടയാൻ ഒറ്റക്കെട്ടായ ശ്രമം ആവശ്യമാണെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ പറഞ്ഞു. ലഹരിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി മുനമ്പം ഹാർബർ മേഖലയിലെ മത്സ്യത്തൊഴിലാളികൾക്കായി സംഘടിപ്പിച്ച ബോധവത്കരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം സമൂഹത്തിന്റെ തകർച്ചയ്ക്ക് കാരണമാകുമെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.
മുനമ്പം ശ്രീകൃഷ്ണ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷയായി. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് റീജണൽ എക്സിക്യുട്ടീവ് എസ്. ജയശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു. വൈപ്പിൻ ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ, വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എൻ. ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് മെമ്പർ ഷെന്നി ഫ്രാൻസിസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എഫ്. വിൽസൺ, ലിജി, മത്സ്യത്തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി എ.കെ. ശശി, എ.കെ. ഗിരീഷ്, എം.ജെ. ടോമി, കെ.ബി. രാജീവ്, ബിജു കുമാർ എന്നിവർ സംസാരിച്ചു. കലാപരിപാടികളും നടന്നു.