കോതമംഗലം: ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫിൽ സീറ്റ് ധാരണയായി. ആകെയുള്ള പതിനാല് വാർഡുകളി​ൽ പത്തിടത്ത് സി.പി.എം മത്സരിക്കും. സി.പി.ഐക്ക് രണ്ട് സീറ്റും. കഴിഞ്ഞതവണ ഒരു വാർഡിൽ മത്സരിച്ച കേരളാ കോൺഗ്രസി​ന് (എം) ഇത്തവണ ഒരുസീറ്റുകൂടി ലഭിച്ചു. 13,14 എന്നീ വാർഡുകളിലാണ് കേരളാ കോൺഗ്രസ് മത്സരിക്കുന്നത്. സി.പി.ഐ നാല്, പന്ത്രണ്ട് വാർഡുകളിലും മത്സരിക്കും.

സി.പി.എമ്മിന്റെ സ്ഥാനാർത്ഥി നിർണയം അവസാനഘട്ടത്തിലാണ്. മുൻ മെമ്പർമാരായ പ്രിൻസ് ജോൺ ഒന്നാംവാർഡിലും ബിജു പി.നായർ രണ്ടാംവാർഡിലും ജലജ പൗലോസ് മൂന്നാംവാർഡിലും മത്സരിക്കും. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം എ.വി. രാജേഷ് ഏഴാംവാർഡിലെ സ്ഥാനാർത്ഥിയാകും. മറ്റ് വാർഡുകളിൽ പുതുമുഖങ്ങളെത്തും. പതിനാലാംവാർഡിൽ നിലവിലെ ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി ജോസഫിനെ സ്ഥാനാർത്ഥിയാക്കാനാണ് കേരളാ കോൺഗ്രസ് തീരുമാനം.

തുടർച്ചയായി യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്താണ് പിണ്ടിമന. ഇത്തവണ ഭരണം ലഭിച്ചാൽ സി.പി.എം ഏരിയാ കമ്മി​റ്റി അംഗംകൂടിയായ ബിജു പി.നായരാകും എൽ.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി​യെന്നാണ് സൂചന .പഞ്ചായത്തിലെ ഭൂതത്താൻകെട്ട് ബ്ലോക്ക് ഡിവിഷൻ കേരളാ കോൺഗ്രസ് എമ്മിനാണ്. ജിജി പുളിക്കൽ സ്ഥാനാർത്ഥിയാകും.