മൂവാറ്റുപുഴ: ഗർഭിണിയായ ഭാര്യയെ സ്വകാര്യ ബസിൽ യാത്ര ചെയ്യവേ അപമാനിക്കാൻ ശ്രമിച്ചയാളെ ചോദ്യം ചെയ്ത ഭർത്താവിന് മർദ്ദനമേറ്റു. പരിക്കേറ്റ മംഗലത്തുനട സനു സദാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ ഉച്ചയ്‌ക്ക് മൂന്നു മണിയോടെ മൂവാറ്റുപുഴ നെഹ്‌റു പാർക്കിലാണ് സംഭവം. ഭാര്യയെ ആശുപത്രിയിൽ ഡോക്ടറെ കാണിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ സഹയാത്രികൻ അപമാനിക്കാൻ ശ്രമിക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു. ഇതിനെ എതിർത്തപ്പോഴാണ് മർദ്ദനമേറ്റതെന്ന് സനു പൊലീസിനു മൊഴി നൽകി. ബസിൽ കയറിയപ്പോൾ മുതൽ ഇയാൾ ശല്യം ചെയ്യുന്നുണ്ടായിരുന്നെന്ന് സനുവിന്റെ ഭാര്യ പറഞ്ഞു. ബസ് ജീവനക്കാർ ഇടപെടാതെ ഒഴിഞ്ഞു മാറിയെന്നും ഭാര്യ പൊലീസിനു മൊഴി നൽകി. ഒടുവിൽ ബഹളം വച്ചതോടെ നെഹ്റു പാർക്കിൽ ബസ് നിർത്തി. ഇതിനിടെ മർദ്ദിച്ചയാൾ ബസിൽ നിന്നിറങ്ങി രക്ഷപ്പെട്ടു.