കൊച്ചി: ഹൈക്കോടതിക്ക് മുന്നിൽ തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് സമൂഹമാദ്ധ്യമത്തിൽ ഭീഷണി പോസ്റ്റിട്ടയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മർച്ചന്റ് നേവിയിൽ നിന്ന് ക്യാപ്റ്റനായി വിരമിച്ച കോഴിക്കോട് തേഞ്ഞിപ്പലം സ്വദേശിയായ 57കാരനെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ കൊച്ചി സിറ്റി പൊലീസിന് സ്ക്രീൻഷോട്ട് സഹിതം സൈബർസെൽ വിവരം കൈമാറി. തുടർന്ന് സെൻട്രൽ എസ്.എച്ച്. ഒ അനീഷ് ജോയിയുടെ നേതൃത്വത്തിൽ രാവിലെ 9.15ന് ഹൈക്കോടതിയുടെ വടക്കുവശത്തെ ഗേറ്റിന് സമീപത്തു നിന്ന് കസ്റ്റഡിയിലെടുത്തു.
ഭാര്യ നൽകിയ സ്ത്രീധനപീഡനക്കേസ് പത്തനംതിട്ട കുടുംബകോടതിയിൽ നിലവിലുണ്ട്. കേസ് കോഴിക്കോട്ടെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇയാൾ നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് കഴിഞ്ഞ മാസം തള്ളിയിരുന്നു. മറ്റ് നടപടികൾ ഹൈക്കോടതി ഇന്നലെ പരിഗണിക്കാനിരിക്കെയാണ് ആത്മഹത്യാ ഭീഷണി.തിങ്കളാഴ്ച വൈകിട്ട് എറണാകുളം സൗത്തിലെ ലോഡ്ജിൽ വച്ചാണ് പോസ്റ്റിട്ടതെന്ന് ഇയാൾ പറഞ്ഞു. സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു. കേസ് ഹൈക്കോടതി ഇന്നലെ പരിഗണിച്ചില്ല.