qr-code
ക്യൂ.ആർ കോഡ്

കൊച്ചി: നടത്തിപ്പിനായി കൈമാറിയ ബ്യൂട്ടിപാർലറിൽ ക്യൂ.ആർ കോഡ് തിരിമറി. വിശ്വസ്തൻ അഞ്ച് വർഷം കൊണ്ട് തട്ടിയെടുത്തത് 50 ലക്ഷം രൂപ. ചതി തിരിച്ചറിഞ്ഞ യുവ സംരംഭക നൽകിയ പരാതിയിൽ നടത്തിപ്പുകാരനായ ഇടുക്കി കൊന്നത്തടി പാറത്തോട് വാഴപ്പറമ്പിൽ വീട്ടിൽ വി.ആർ. ശ്യാം, ഇയാളുടെ സഹോദരൻ വി.ആർ. ശരത്ത് എന്നിവർക്കെതിരെ കടവന്ത്ര പൊലീസ് കേസെടുത്തു. ഇരുവരും ഒളിവിലാണെന്നാണ് വിവരം. കതൃക്കടവ് സ്വദേശിനി സന്ധ്യ നായരുടെ ജവഹർനഗറിൽ പ്രവർത്തിക്കുന്ന ഐ.ഡി ബ്യൂട്ടി കെയർ എന്ന സ്ഥാപനത്തിലാണ് തിരിമറി നടന്നത്.

13 വർഷം മുമ്പാണ് സന്ധ്യ ജവഹർനഗറിൽ ബ്യൂട്ടിപാർലർ തുറന്നത്. തിരക്കേറിയതോടെ സ്ഥാപനം ഒറ്റയ്ക്ക് മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെയായി. 2009ൽ ശ്യാമിനെ സഹായിയായി കൂട്ടി. സന്ധ്യ എറണാകുളത്ത് രണ്ട് സ്ഥാപനങ്ങൾ കൂടി തുറന്നു. 2020 മുതലാണ് ആദ്യ സ്ഥാപനത്തിന്റെ നടത്തിപ്പ് പൂർണമായും ശ്യാമിന് കൈമാറിയത്. മോഡൽകൂടിയായ ഇവരുടെ തിരക്ക് മുതലെടുത്തായിരുന്നു ശ്യാം തട്ടിപ്പിന് കളമൊരുക്കിയത്.

ബ്യൂട്ടിപാർലറിലെ ക്യൂ.ആർ കോഡ് എടുത്തുമാറ്റി, പകരം ശരത്തിന്റെ അക്കൗണ്ടിന്റെ ക്യൂ.ആർ കോഡ് സ്ഥാപിച്ച് ശ്യാം പണം കൈക്കലാക്കുകയായിരുന്നു. പ്രതിദിനം 10,000 രൂപ വരെ ലഭിച്ചിരുന്ന പാർലറിന്റെ വരുമാനത്തിലുണ്ടായ വൻ ഇടിവിനെക്കുറിച്ച് സന്ധ്യ ചോദ്യം ചെയ്തിരുന്നെങ്കിലും തൊട്ടടുത്ത് പുതിയ ബ്യൂട്ടിപ്പാർലറുകൾ വന്നുവെന്നും കസ്റ്റമർ കുറഞ്ഞുവെന്നും ബോദ്ധ്യപ്പെടുത്തി.

കഴിഞ്ഞ ദിവസം ബ്യൂട്ടിപാർലറിൽ എത്തിയ സുഹൃത്ത്, തനിക്ക് മുന്നേ വന്നയാൾ പണം നൽകിയത് ശ്യാമിന്റെ അക്കൗണ്ടിലേക്കാണെന്ന സംശയം ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. തുടർന്ന് പണം നൽകിയ കസ്റ്റമറെ കണ്ടെത്തി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. പതിവായി വരാറുള്ള ഇവർ പണം നൽകിയതിന്റെ രേഖകളും കൈമാറി. തെളിവുനിരത്തി കാര്യങ്ങൾ ചോദിച്ചപ്പോൾ ശ്യാം കുറ്റം സമ്മതിച്ചു. മാപ്പുപറഞ്ഞെങ്കിലും ക്ഷമിക്കാൻ കഴിഞ്ഞില്ല. ഭീമമായ നഷ്ടമാണുണ്ടായത്,

സന്ധ്യ

ബ്യൂട്ടിപാർലർ ഉടമ

എറണാകുളം സെൻട്രൽ എ.സി.പിയെ നേരിൽകണ്ട് നൽകിയ പരാതി കടവന്ത്രയിലേക്ക് കൈമാറുകയായിരുന്നു. പ്രതികളെ വിളിച്ചുവരുത്തി ചോദ്യംചെയ്യുകയാകും ആദ്യ നടപടി. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും.