puraskaram-
കല്പുഴ ദിവാകൻ നമ്പൂതിരിപ്പാട് സ്മാരക ആചാര്യ പുരസ്‌കാരം കെ.പി.സി വിഷ്ണുഭട്ടതിരിപ്പാടിന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് മുൻ സെക്രട്ടറി പി. വേണുഗോപാൽ സമർപ്പിക്കുന്നു

പറവൂർ: ഒരിക്കലും നാശമില്ലാത്ത ഭാരതീയ സംസ്കാരത്തെ ഇല്ലായ്മ ചെയ്യുവാൻ ഇവിടെയുള്ള ചില ക്ഷുദ്രശക്തികൾ നൂറ്റാണ്ടുകളായി പരിശ്രമിക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായാണ് വിദേശികൾ ഭാരതത്തിന്റെ പാരമ്പര്യമായ വിദ്യാഭ്യാസ പദ്ധതിയെ തകർക്കാൻ ശ്രമിച്ചതെന്നും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് മുൻ സെക്രട്ടറി പി. വേണുഗോപാൽ പറഞ്ഞു. വെളിയത്തുനാട് തന്ത്രവിദ്യാപീഠം മുഖ്യാചാര്യനായിരുന്ന കല്പുഴ ദിവാകരൻ നമ്പൂതിരിപ്പാടിന്റെ നൂറ്റിപ്പന്ത്രണ്ടാമത് ജന്മദിനത്തോടനുബന്ധിച്ച് നടന്ന ആചാര്യസ്മൃതി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തികച്ചും ശാസ്ത്രീയമായതും ആഗമ-നിഗമങ്ങൾ സമഞ്ജസമായി സമ്മേളിക്കുന്നതുമായ കേരളീയ തന്ത്രശാസ്ത്രം നിത്യനൂതനമാണ് എന്നതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ് തന്ത്രവിദ്യാപീഠത്തിലൂടെ നാം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്ത്രവിദ്യാപീഠം പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷനായി.

ഏറാഞ്ചേരി ഹരിഗോവിന്ദൻ നമ്പൂതിരി അനുസ്മരണ പ്രഭാഷണം നടത്തി. കല്പുഴ ദിവാകൻ നമ്പൂതിരിപ്പാട് സ്മാരക ആചാര്യ പുരസ്‌കാരം കെ.പി.സി വിഷ്ണുഭട്ടതിരിപ്പാട് (തന്ത്രശാസ്ത്രം), താന്ത്രികാചാര്യൻ വേഴപ്പറമ്പ് പരമേശ്വരൻ നമ്പൂതിരിപ്പാട് സ്മാരക ആചാര്യ പുരസ്കാരം തോട്ടം കൃഷ്ണൻ നമ്പൂതിരി (വൈദികസംസ്കൃതി), കെ.പി.സി നാരായണൻ ഭട്ടതി​രി​പ്പാട് സ്മാരക ആചാര്യപുരസ്കാരം രാമചന്ദ്രഅയ്യർ മാസ്റ്റർ (കലാവിഭാഗം) എന്നിവർക്ക് സമർപ്പിച്ചു.

മണ്ണാറശാല സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ഗുരുപൂജയിൽ തന്ത്രവിദ്യാപീഠം പ്രിൻസിപ്പൽ പി. ബാലകൃഷ്ണ ഭട്ട് ഗുരുപൂജാ സന്ദേശം നൽകി. തന്ത്രവിദ്യാപീഠം സെക്രട്ടറി പി.എം.എസ്. പ്രമോദ്, ജോയിന്റ് സെക്രട്ടറി പി.എസ്. മനോജ്കുമാർ എന്നിവർ സംസാരിച്ചു.