പറവൂർ: പറവൂർ നഗരസഭയുടെ നിയന്ത്രണത്തിലുള്ള താലൂക്ക് ആശുപത്രിയിൽ താത്കാലിക ജീവനക്കാർ സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തി. സംഭവത്തിൽ എച്ച്.എം.സി അടിയന്തരയോഗംചേർന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്കും പറവൂർ പൊലീസിലും പരാതിനൽകി. താത്കാലിക ജീവനക്കാരിയാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

കഴിഞ്ഞ ഏപ്രിൽ മുതൽ ബില്ലുകളിൽ കൃത്രിമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞമാസം മാത്രം 70 ഓളം ബില്ലുകളിൽ തിരിമറി നടത്തി. വിവിധ പരിശോധനകൾക്കായി രോഗികളിൽനിന്ന് പണം സ്വീകരിച്ച് രസീത് നൽകിയശേഷം രസീതുകൾ നശിപ്പിച്ചു. ആറ് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് സൂചന. ജീവനക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിച്ചാൽ ആശുപത്രി പ്രവർത്തനത്തെ ബാധിക്കുന്നതിനാൽ എച്ച്.എം.സി നേരിട്ട് ശിക്ഷാനടപടികളിലേക്ക് കടന്നില്ല. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ഓഫീസിൽ നിരീക്ഷണക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെ പിരിച്ചുവിടുമെന്ന് ചെയർപേഴ്സൺ പറഞ്ഞു.

അതേസമയം അടിയന്തരമായി ശിക്ഷാനടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷത്തെ എൽ.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്കരിച്ച് നഗരസഭാ കവാടത്തിൽ ധർണ നടത്തി.