കൊച്ചി: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ചേർന്ന കൊച്ചി കോർപ്പറേഷൻ കൗൺസിലിൽ പ്രതിഷേധവുമായി യു.ഡി.എഫ് കൗൺസിലർമാർ. കലൂർ സ്റ്റേഡിയം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിയാണ് യു.ഡി.എഫ് പ്രതിഷേധിച്ചത്. പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെ യു.ഡി.എഫ് കൗൺസിലർമാരുടെയും ആവശ്യ പ്രകാരമാണ് കൗൺസിൽ വിളിച്ചതെന്നും പ്രവൃത്തികൾ അംഗീകരിക്കുകയാണ് അജൻഡയെന്ന് മേയർ അറിയിച്ചു.
പ്രത്യേക കൗൺസിലാണോ, അടിയന്തര കൗൺസിലാണോ എന്ന് ചോദിച്ചായിരുന്നു ആദ്യ തർക്കം. അടിയന്തരയോഗമെന്ന് വ്യക്തമാക്കിയപ്പോൾ അജൻഡ വിതരണം ചെയ്തത് മുനിസിപ്പൽ ചട്ടം പാലിച്ചല്ലെന്നായി. എല്ലാവരുടെയും ആവശ്യം പരിഗണിച്ചാണ് യോഗം വിളിച്ചതെന്നും അജൻഡകൾ പാസാക്കേണ്ടതുണ്ടെന്നും എൽ.ഡി.എഫ് അംഗങ്ങളും ചൂണ്ടിക്കാട്ടി. ചർച്ചയുണ്ടാകില്ലെന്നും പ്രവൃത്തികൾ പാസാക്കാനാണ് യോഗം ചേരുന്നതെന്നും വ്യക്തമാക്കിയിരുന്നുവെന്ന് മേയർ ആവർത്തിച്ചതോടെ യു.ഡി.എഫ് പ്രതിഷേധം കനപ്പിച്ചു. തുടർന്ന് അജൻഡകൾ വേഗത്തിൽ പാസാക്കി കൗൺസിൽ പിരിച്ചുവിട്ടു.