കൊച്ചി: എറണാകുളത്ത് നിന്ന് നാടുകടത്തിയ വനിതാ ഗുണ്ടയെ കൊച്ചി നഗരത്തിൽ ഒളിവിൽ കഴിയുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പേട്ട വലിയവീട്ടിൽ പാഞ്ചാലി എന്നറിയപ്പെടുന്ന രേഷ്മയാണ് (42) പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്.
നിരവധി കേസുകളിൽ പ്രതിയായ രേഷ്മയെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (കാപ്പ) നിയമം പ്രകാരം കഴിഞ്ഞ ഏപ്രിൽ 21നാണ് നാടുകടത്തിയത്. ഒൻപത് മാസത്തേക്കാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ പരിധിയിപ്പെട്ട പ്രദേശങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. ഇതിനിടെ, വിലക്ക് ലംഘിച്ച് കൊച്ചിയിലെത്തിയ രേഷ്മ ഇടപ്പള്ളിയിലെ മാമംഗലം എം.എം.ആർ.എ മേനോൻ പറമ്പിലെ വാടക വീട്ടിലാണ് ഒളിവിൽ താമസിച്ചത്. വിവരം കിട്ടിയ പാലാരിവട്ടം പൊലീസ് എസ്.എച്ച്. ഒ ആർ.എസ്. സനീഷിന്റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയോടെയാണ് കസ്റ്റഡിയിലെടുത്തത്.
സെൻട്രൽ സ്റ്റേഷൻ പരിധിയിൽ അനധികൃത മദ്യവിൽപ്പന, ദേഹോപദ്രവം ഏൽപ്പിക്കൽ, പിടിച്ചുപറി ഉൾപ്പെടെ ഏഴോളം കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്. എറണാകുളം മാർക്കറ്റ് കനാൽറോഡ് കേന്ദ്രീകരിച്ചാണ് അനധികൃത മദ്യവിൽപ്പന നടത്തിയിരുന്നത്. ഭർത്താവ് തിയോഫിനെതിരെയും നിരവധി കേസുകളിൽ പ്രതിയായതിനെ തുടർന്ന് കാപ്പ ചുമത്തിയിരുന്നു. രേഷ്മയെ ഇന്ന് കോടതിയിൽ ഹാജരാക്കും.