പള്ളുരുത്തി: പള്ളുരുത്തിയിലെ കണ്ണങ്ങാട്ട് - മധുരക്കമ്പനി പാലം യാഥാർത്ഥ്യമാകുന്നു. പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം അവസാന ഘട്ടത്തിലാണ്. പാലത്തിന്റെ ഉദ്ഘാടനം നാളെ നടക്കുമെന്ന് വാർഡ് കൗൺസിലർ വി.എ. ശ്രീജിത്ത് പറഞ്ഞു. മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസിന്റെ വികസന ഫണ്ടിൽ നിന്ന് 2.78 കോടി രൂപയും നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് 16.4 ലക്ഷം രൂപയും ചെലവഴിച്ചാണ് പാലം പൂർത്തിയാക്കിയത്. എന്നാൽ അപ്രോച്ച് റോഡിന് ഭൂമി ലഭിക്കാൻ കാലതാമസമുണ്ടായി. ഭൂമി സംബന്ധിച്ച്, ഭൂവുടമകളുമായി തർക്കങ്ങളുമുണ്ടായിരുന്നു. ഒടുവിൽ മേയർ എം. അനിൽകുമാറും, കൗൺസിലർ വി.എ. ശ്രീജിത്തും ഭൂവുമകളുമായി ചർച്ച നടത്തിയാണ് പരിഹാരം കണ്ടെത്തിയത്. റോഡിന് ഭൂമി ഏറ്റെടുക്കുന്നതിന് മുഴുവൻ ഫണ്ടും നൽകിയത് കൊച്ചി നഗരസഭയാണ്. എ.എ. റഹീം എം.പിയുടെ വികസന ഫണ്ടിൽ നിന്ന് 1.41 കോടി രൂപ റോഡ് നിർമ്മാണത്തിനായി അനുവദിച്ചു. ശേഷിക്കുന്ന 50 ലക്ഷം രൂപ നഗരസഭ നൽകി.