bony-morois

കൊച്ചി: എറണാകുളം നഗരത്തിലെ തിരക്കേറിയ ആരാധനാലയത്തിന് സമീപം കേരള പൊലീസിന്റെ വ്യാജ തിരിച്ചറിയൽ കാ‌ർഡ് ധരിച്ച് ആൾമാറാട്ടം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു .

പള്ളുരുത്തി സ്വദേശി ബോണി മോറിസ് ആൻഡ്രാഡിയാണ് (41) എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. കേരള പൊലീസിന്റെ സൈബർ വിഭാഗത്തിലെ പൊലീസുകാരനെന്ന മട്ടിലായിരുന്നു ആൾമാറാട്ടം. കലൂർ നൊവേന പള്ളിക്ക് സമീപം നടപ്പാതയിൽ നിന്ന് ഇന്നലെ വൈകിട്ടാണ് കസ്റ്റഡിയിലെടുത്തത്. കലൂർ ഭാഗത്ത് ലഹരി സംഘങ്ങളെ പിടികൂടാൻ നിരീക്ഷണം നടത്തിക്കൊണ്ടിരുന്ന കൊച്ചി സിറ്റി ഡാൻസാഫ് സംഘമാണ് ടാഗിൽ പൊലീസ് തിരിച്ചറിയൽ കാർഡും തൂക്കി പള്ളിക്ക് സമീപം നിന്ന ബോണിയെ കസ്റ്റഡിയിലെടുത്ത് നോർത്ത് പൊലീസിന് കൈമാറിയത്.

നിതിൻ ജെയ്ക്ക് ജോസഫ് എന്ന വ്യാജപേരാണ് കാർഡിൽ നൽകിയിരിക്കുന്നത്. നേരത്തേ സെക്യുരിറ്റിയായി ജോലി ചെയ്തിട്ടുണ്ടെന്നും നിവലവിൽ ജോലിയില്ലെന്നും ഇയാൾ പറയുന്നു. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ആൾമാറാട്ടത്തിനും വ്യാജരേഖ ചമച്ചതിനും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

അതിനിടെ വ്യാജ നാവികസേനാ ഉദ്യോഗസ്ഥനെന്ന വ്യാജേന എറണാകുളത്ത് താമസിക്കുന്നതിനി‌ടെ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി സുരജ് പ്രവീണിനെ (18) ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ താമസിക്കുന്ന പവർഹൗസ് എക്സ്റ്റൻഷൻ റോഡിലെ മുറിയിൽ നിന്ന് നാവികസേനയുടെ വ്യാജ തിരിച്ചറിയൽ കാ‌ർഡ്, യൂണിഫോം, തൊപ്പി എന്നിവ പിടിച്ചെടുത്തിരുന്നു.