u
ഫിദൽ വി. ജിതിൻ

കാഞ്ഞിരമറ്റം: സത്യസന്ധതയുടെ തിളക്കവുമായി അരയൻകാവ് എൽ.പി.എസിലെ വിദ്യാർത്ഥി ഫിദൽ വി. ജിതിൻ. കഴിഞ്ഞദിവസം സ്കൂൾ വിട്ടശേഷം വീട്ടിലേക്ക് അമ്മയോടൊപ്പം നടന്നു പോകുമ്പോഴാണ് സ്കൂളിന്റെ സമീപത്തുള്ള റോഡരികിൽ നിന്ന് ഫിദലിന് രണ്ട് പവനോളം തൂക്കമുള്ള മാല ലഭിച്ചത്. മാല ഉടനെ തന്നെ ക്ലാസ് ടീച്ചറെ ഏൽപ്പിക്കുകയും ചെയ്തു. സ്കൂൾ അധികൃതർ ഉടമസ്ഥനെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും ആരുമെത്തിയില്ല. ഇതോടെ മാല മുളന്തുരുത്തി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ഇതിനിടെ സ്കൂൾ അധികൃതർ മാല കിട്ടിയ വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെയും പത്രമാദ്ധ്യമങ്ങളിലൂടെയും അറിയിച്ചിരുന്നു. ഇക്കാര്യമറിഞ്ഞ് മാല നഷ്ടപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവർ സാജൻ മേപ്ലത്ത് പൊലീസ് സ്റ്റേഷനിലെത്തി മാല കൈപ്പറ്റി. ഓട്ടോയിൽ വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് തിരികെ കൊണ്ടുവരുന്ന സമയത്താണ് മാല നഷ്ടമായതെന്ന് സാജൻ പറഞ്ഞു. സി.ഐ.ടി.യു തൊഴിലാളിയായ ജിതിന്റെ മകനാണ് ഫിദൽ. മാതൃകാപരമായ ഈ പ്രവൃത്തിയിലൂടെ സ്കൂളിനും രക്ഷിതാക്കൾക്കും അഭിമാനമായി മാറിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ.