pamp
ജനവാസ മേഖലയിൽ നിന്നും പിടികൂടിയ മലമ്പാമ്പ്

മൂവാറ്റുപുഴ: നഗരസഭ ഇരുപത്തിയെട്ടാം വാർഡിൽ അങ്കണവാടിയുടെ മുന്നിലൂടെയുള്ള റോഡിൽ നിന്ന് തിങ്കളാഴ്ച രാത്രി മലമ്പാമ്പിനെ പിടികൂടി. വഴിയിലൂടെ നടന്നുപോയ സ്ത്രീകളാണ് റോഡിന് നടുവിൽ കിടക്കുന്ന മലമ്പാമ്പിനെ കണ്ടത്. ഇവർ ബഹളംവച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ പാമ്പ് പിടിക്കുന്നതിൽ പരിശീലനം ലഭിച്ച പൊതുപ്രവർത്തകനും ഓട്ടോതൊഴിലാളിയുമായ വാഴപ്പിള്ളി മുണ്ടയ്ക്കൽ എം.ജെ. ഷാജിയെ അറിയിച്ചു. ഷാജി മലമ്പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറാനായി സേവിപൂവന്റെ ഷെൽട്ടറിൽ എത്തിച്ചതോടെ നാട്ടുകാർക്ക് ആശ്വാസമായി.

ജനവാസ മേഖലയായ ഇവിടെ മലമ്പാമ്പുകളുടെ ശല്യം വർദ്ധിച്ചുവരികയാണ്. അങ്കണവാടി, കമ്മ്യൂണിറ്റി ഹാൾ ഉൾപ്പെടെ നിരവധി വീടുകൾ സ്ഥിതിചെയ്യുന്ന ഇവിടെ ഞായറാഴ്ച ജലവിതരണ കിണറും പമ്പിംഗ് സ്റ്റേഷനും ഉദ്ഘാടനം കഴിഞ്ഞതേയുള്ളു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരമായ ഇവിടെനിന്ന് നാല് വലിയ മലമ്പാമ്പുകളെയാണ് പിടികൂടിയത്. രണ്ടാഴ്ചമുമ്പ് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽനിന്ന് പാമ്പിനെ പിടിച്ച് വനംവകുപ്പിന് കൈമാറിയിരുന്നു. സ്വകാര്യ വ്യക്തികളുടെയും ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന്റേയും പരിസരങ്ങളിൽ കാടുമൂടിക്കിടക്കുന്നതിനാൽ ഇവിടം മലമ്പാമ്പുകളുടെ വാസകേന്ദ്രമായി മാറി. അടിയന്തരമായി കാട് വെട്ടിത്തെളിക്കണമെന്ന ആവശ്യം ശക്തമായി.