കോലഞ്ചേരി: കനത്തചൂടിൽ ദാഹമകറ്റാനായി വഴിനീളെ മുളച്ചുപൊന്തിയ ഭായിമാരുടെ അനധികൃത കരിമ്പ് ജ്യൂസ് വില്പനശാലകൾ ആരോഗ്യഭീഷണി ഉയർത്തുന്നു. റോഡരികിൽ ജ്യൂസ്‌മെഷീൻ സ്ഥാപിച്ച് ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വില്പന പാെടിപൊടിക്കുന്നത്. നിയന്ത്രണം ഉത്തരേന്ത്യൻ ലോബിക്കാണ്.
കോലഞ്ചേരി മേഖലയിൽ ആളൊഴിഞ്ഞ പ്രദേശങ്ങളിലാണ് ഇത്തരം വില്പന കേന്ദ്രീകരിച്ചിരിക്കുന്നത്. ഐക്കരനാട് പഞ്ചായത്തിലെ നെച്ചുപ്പാടംവളവ് കഴിഞ്ഞുവരുന്നിടത്തും വാലേത്തുപടിയിലും കുന്നത്തുനാട്ടിലെ കോട്ടമല കയറ്റം കഴിഞ്ഞുള്ള ആളൊഴിഞ്ഞ ഭാഗത്തും അത്താണിക്ക് മുമ്പായും കിഴക്കമ്പലം പഞ്ചായത്തിലെ ഞാറള്ളൂർ കുരിശ് കഴിയുന്നിടത്തുമടക്കം വില്പന സജീവമാണ്.
വില്പനക്കാരനായ ഒരാളെ രാവിലെ മിനി ലോറിയിൽ സ്ഥലത്തെത്തിക്കും. കൂടെ ജ്യൂസ് തയ്യാറാക്കാൻ ചീകിയെടുത്ത കരിമ്പും 20 ലിറ്ററിന്റെ രണ്ട് ക്യാൻ വെള്ളവും നൽകും. ഇത് ഉപയോഗിച്ച് വൈകിട്ടുവരെ വില്പന നടക്കും. തുടർന്ന് വാഹനമെത്തി തിരികെക്കൊണ്ടുപോകും.
ജ്യൂസ് ഷോപ്പ് നടത്തുന്ന കെട്ടിടത്തിന് ലൈസൻസും രജിസ്ട്രേഷനും നിർബന്ധമാണ്.
കടയിൽ കൗണ്ടർ സെയിൽ നടക്കുന്നതാണെങ്കിൽ പഞ്ചായത്തീരാജ് നിയമ പ്രകാരം പാലിക്കേണ്ട നടപടികൾ പൂർത്തിയാക്കണം. ഉപഭോക്താവിന് നേരിട്ട് വില്പന നടത്തുമ്പോൾ കൈകഴുകാനുള്ള വാഷ് ബേസിൻ, ആവശ്യമായ ശുദ്ധജലം, വേസ്റ്റ് സംസ്ക്കരിക്കുന്നതിനുള്ള സംവിധാനങ്ങളും നിർബന്ധം.
ഫുഡ് സേഫ്റ്റി ഡിപ്പാർട്‌മെന്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത രേഖയും കരുതണം.
നിയമം ഇതായിരിക്കെ അന്യസംസ്ഥാനക്കാരെ വെച്ച് ലാഭങ്ങൾ കൊയ്യുന്ന ഇത്തരക്കാർക്കെതിരെ ചെറുവിരലനക്കാൻ പോലും ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറാകാത്തതിൽ പ്രതിഷേധം രൂക്ഷമാവുകയാണ്.
നിയമലംഘന പരമ്പര
1 റോഡിൽനിന്ന് ഉയരുന്ന പൊടിപടലങ്ങൾക്കിടയിലാണ് ജ്യൂസ് തയ്യാറാക്കുന്നത്
2 റോഡരികിൽ തുറന്ന സ്ഥലങ്ങളിലാണ് കരിമ്പിൻജ്യൂസ് ഉണ്ടാക്കുന്ന മെഷീനും കരിമ്പും സൂക്ഷിക്കുന്നത്
3 അടച്ചുറപ്പില്ലാത്ത ഈ വില്പന കേന്ദ്രങ്ങളിൽ ആവശ്യത്തിന് ശുദ്ധജലംപോലും ലഭ്യമല്ല
4 ഒരാൾ കുടിക്കുന്ന ഗ്ലാസുകൾ കഴുകുന്നതിൽ ഉൾപ്പെടെ ശുചിത്വം പാലിക്കുന്നില്ല.
5 പാനീയങ്ങളിലെ പ്രധാന ചേരുവ ഐസാണ്. മിക്കയിടങ്ങളിലും ഉപയോഗശൂന്യമായ ഫ്രിഡ്ജുകളിലാണ് ഐസ് സൂക്ഷിക്കുന്നത്. ഇത് തീർത്തും അനാരോഗ്യകരമായ സാഹചര്യമാണ്.
6 ജോലിക്കാർക്ക് ഹെൽത്ത് കാർഡില്ല
7 ജോലിക്കാർ ടൈഫോയ്ഡ് ഉണ്ടാകാതിരിക്കാനുള്ള വാക്സിനേഷൻ എടുത്തവരാകണം
8 കടയിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ സാമ്പിൾ പരിശോധിച്ച് ശുദ്ധമാണെന്ന റിപ്പോർട്ട് സൂക്ഷിക്കണം