market
കിഫ്ബി പദ്ധതിയിൽപ്പെടുത്തി ആലുവ നഗരസഭ തോട്ടയ്ക്കാട്ടുകരയിൽ നിർമ്മിക്കുന്ന നിർദ്ദിഷ്ട മിനി മാർക്കറ്റിന്റെ രൂപരേഖ

ആലുവ: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആലുവ നഗരസഭയുടെ തോട്ടയ്ക്കാട്ടുകര മിനിമാർക്കറ്റ് നിർമ്മാണത്തിന്റെ ടെൻഡർ നടപടികളാരംഭിച്ചു. 13ന് ആണ് ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി. 17ന് ടെൻഡർ തുറക്കും. ഇംപാക്റ്റ് കേരളയാണ് ഇ ടെൻഡർ നടപടികൾ സ്വീകരിച്ചിട്ടുള്ളത്.

തോട്ടക്കാട്ടുകര നിവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ് യാഥാർത്ഥ്യമാകുകയാണ്. മുൻ നഗരസഭ കൗൺസിലിന്റെ കാലത്താണ് മിനിമാർക്കറ്റ് പൊളിച്ച് പുതിയത് നിർമ്മിക്കണമെന്ന ആശയം ഉയർന്നത്. ഇതിന്റെ ഭാഗമായി ലക്ഷങ്ങൾമുടക്കി രൂപരേഖ തയ്യാറാക്കുകയും ഭൂമി പരിശോധനയുമെല്ലാം നടത്തിയിരുന്നു. 2018ലെ പ്രളയത്തെ തുടർന്ന് പദ്ധതി അനിശ്ചിതത്വത്തിലായി. തുടർന്ന് ഇപ്പോഴത്തെ ഭരണസമിതി ചുമതലയേറ്റശേഷമാണ് ഫയലുകൾ പൊടിതട്ടിയെടുത്തത്.

മിനി മാർക്കറ്റിന് ഭരണാനുമതി ലഭിച്ചപ്പോൾ 5. 13 കോടിയായിരുന്നു അടങ്കൽ തുക. പിന്നീട് അടങ്കൽ 8.08 കോടി രൂപയും കഴിഞ്ഞദിവസം 8.99 കോടി രൂപയുമായി പുതുക്കി സാമ്പത്തിക അനുമതി നൽകിയിരുന്നു. തുടർന്ന് സാങ്കേതിക അനുമതി കൂടി ലഭ്യമായതിനെ തുടർന്നാണ് നിർമ്മാണം ടെൻഡർ ചെയ്തത്.

അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിക്കും

തോട്ടക്കാട്ടുകര മിനി മാർക്കറ്റിൽ നിലവിലുള്ള 50വർഷത്തോളം പഴക്കമുള്ള പ്രധാനകെട്ടിടം അപകടാവസ്ഥയിലാണ്. 25വർഷംമുമ്പ് നിർമ്മിച്ച രണ്ട് നിലകളുള്ള മറ്റൊരുകെട്ടിടം കൂടിയുണ്ടെങ്കിലും ഇതും പൊളിക്കും.

ശോച്യാവസ്ഥയിലുള്ള കെട്ടിടത്തിലെ പലരും സ്ഥാപനങ്ങൾ അടച്ചപൂട്ടി. വർക്ക് ഷോപ്പുകൾ, ഇറച്ചിക്കോഴി, പപ്പടനിർമ്മാണ യൂണിറ്റ്, പ്രിന്റിംഗ് പ്രസ്, ഹോട്ടൽ ഇത്തരത്തിലുള്ള ചുരുക്കം സ്ഥാപനങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്. തോട്ടക്കാട്ടുകര - കടുങ്ങല്ലൂർറോഡ് വികസനംകൂടി പരിഗണിച്ച് റോഡിൽനിന്ന് മതിയായ സ്ഥലം ഒഴിച്ചിട്ടുവേണം പുതിയ കെട്ടിടം നിർമ്മിക്കാൻ. മൂന്ന് നിലകളിലായിട്ടാണ് കെട്ടിടം നിർമ്മിക്കുന്നത്.

അറിയിച്ചിട്ടില്ലെന്ന് കട ഉടമകൾ

തോട്ടക്കാട്ടുകര മിനി മാർക്കറ്റ് പൊളിച്ച് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ടെൻഡർ നടപടികൾ പുരോഗമിക്കുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും അറിയിച്ചിട്ടില്ലെന്ന് കട ഉടമകൾ പറയുന്നു. മാദ്ധ്യമ വാർത്തകളിലൂടെയാണെങ്കിലും പുതിയ കെട്ടിടം നിർമ്മിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. ഇതുവരെ ഒഴിപ്പിക്കൽ നോട്ടീസോ പുതിയ കെട്ടിടത്തിൽ മുറികൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉറപ്പുകളോ ലഭിച്ചിട്ടില്ല. വിഷയത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയോട് ഇടപെടണമെന്ന് ആവശ്യപ്പെടും.

പി.പി. ശ്രീനിവാസൻ

പരമേശ്വര ഇലക്ട്രിക് വർക്‌സ്