കാക്കനാട്: രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസും ഐ.ഐ.ടി ഗുവാഹത്തിയും സി.എസ്.ഐ.ആർ നീരി നാഗ്പൂരും സംയുക്തമായി സംഘടിപ്പിച്ച മൂന്നാമത് അന്താരാഷ്ട്ര ആൽഗൽ റിസർച്ച് കോൺഫറൻസ് 2025 കാക്കനാട് രാജഗിരി വാലി ക്യാമ്പസിൽ നടന്നു. ഐ.ഐ.ടി ഗുവാഹത്തിയിലെ പ്രൊഫ. കെ. മോഹന്തി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വിശാലമായ തീരപ്രദേശങ്ങളും ശുദ്ധജല തടാകങ്ങളുടെ സാന്നിദ്ധ്യവും ആൽഗ വ്യവസായത്തിന് വലിയ സാദ്ധ്യതകൾ തുറന്ന് നൽകുന്നതായി പ്രൊഫ. കെ. മോഹന്തി ചൂണ്ടിക്കാട്ടി. രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസ് അസോസിയേറ്റ് ഡയറക്ടർ ഡോ. ബിനോയ് ജോസഫ് അദ്ധ്യക്ഷനായി. ഡോ. സബീല ബീവി സംസാരിച്ചു.
ആൽഗ ഗവേഷണ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞരെയും ഗവേഷകരെയും ആദരിച്ചു. രാജഗിരിയിലെ റോബി കെ. മാത്യു മികച്ച മാസ്റ്റർ തീസിസ് അവാർഡിന് അർഹനായി. ഡിപ്പാർട്‌മെന്റ് ഒഫ് ബയോടെക്‌നോളജി, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്‌നോളജി ആൻഡ് എൻവയോൺമെന്റ്, അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്.