കൊച്ചി: മത്സ്യത്തൊഴിലാളികളുടെ ഉപജീവനാവകാശം തകർക്കുകയും മത്സ്യമേഖലയെ വിനാശത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന സീപ്ലെയിനും വൻകിട മത്സ്യബന്ധന യാനങ്ങളും അനുവദിക്കില്ലെന്ന് മത്സ്യതൊഴിലാളി സംയുക്തസമിതി വ്യക്തമാക്കി.

മത്സ്യത്തൊഴിലാളികളുടെ അവശേഷിക്കുന്ന ഉപജീവനാവകാശം ഇല്ലാതാക്കുന്ന പദ്ധതികൾ അടിയന്തരമായി നിറുത്തിവയ്ക്കണമെന്നും മത്സ്യത്തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് 11ന് ബോൾഗാട്ടി വാട്ടർ ഡ്രോമിന് മുന്നിൽ പ്രതിഷേധസംഗമം നടത്തും. പദ്ധതിയുമായി മുന്നോട്ടുപോയാൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

2013ജൂൺ 2ന് കൈരളി ഏവിയേഷന്റെ സീപ്ലെയിൻ പുന്നമടയിൽ ഇറങ്ങാൻ അനുവദിക്കാതെ ഇടതുപക്ഷ ട്രേഡ് യൂണിയനുകൾ അടക്കം മത്സ്യത്തൊഴിലാളി സംഘടനകൾ ഒറ്റക്കെട്ടായി ചെറുത്തുനിന്ന ചരിത്രമുണ്ട്. അതേപദ്ധതി പുനരാരംഭിക്കാൻ അനുവദിക്കില്ല. സഹകരണ സംഘങ്ങളുടെ പേരിൽ ഇന്ത്യയിലെ തീരക്കടലിലും പുറംകടലിലും വൻകിടയാനങ്ങൾ അനുവദിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. 3,14,767 യാനങ്ങൾ ഇന്ത്യൻ തീരങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. സുസ്ഥിര മത്സ്യബന്ധനത്തിന് യഥാർത്ഥത്തിൽ 92,000 യാനങ്ങൾ മാത്രം മതിയെന്നിരിക്കെ മൂന്നിരട്ടിയിലധികമാണുള്ളത്. ഈ സാഹചര്യത്തിലാണ് വൻകിടയാനങ്ങളെ എതിർക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.

വി. ദിനകരൻ (ധീവരസഭ പ്രസിഡന്റ്), ലീലാ കൃഷ്ണൻ (മത്സ്യത്തൊഴിലാളി കോൺഗ്രസ്), കെ.സി. രാജീവ് (എ.ഐ.ടി.യു.സി), എൻ.ജെ. പൗലോസ് (കെ.എൽ.സി.എ. കടൽ), ജാക്‌സൺ പൊള്ളയിൽ (എൻ.എഫ്.എഫ്) ചാൾസ് ജോർജ് (ടി.യു.സി.ഐ), പി.എസ്. ഉദയഭാനു (യു.ടി.യു.സി ) കെ.അബ്ദുള്ള (എസ്.ടി.യു), പി.പി. ജോൺ (സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ), പി.വി. ജയൻ (പരമ്പരാഗത മത്സ്യത്തൊഴിലാളി യൂണിയൻ) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.