firestation
കൂത്താട്ടുകുളത്തെ നിലവിലുള്ള ഫയർ സ്റ്റേഷൻ

കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയുടെ ഉടമസ്ഥതയിലുള്ള 12സെന്റ് സ്ഥലവും കെട്ടിടവും ഫയർ ആൻഡ് റെസ്ക്യൂസ്റ്റേഷന് വിട്ടുനൽകാൻ കൗൺസിൽ തീരുമാനിച്ചു. 2011ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത ഫയർസ്റ്റേഷൻ നഗരസഭയുടെ വനിതാ വ്യവസായകേന്ദ്രത്തിന്റെ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇതാണ് ഫയർസ്റ്റേഷന് സ്വന്തമായത്. വെെസ് ചെയർപേഴ്സൻ പി.ജി. സുനിൽകുമാറാണ് പ്രഖ്യാപനം നടത്തിയത്. ചെയർപേഴ്സൻ കലാ രാജു അദ്ധ്യക്ഷയായി.

സ്വന്തമായി സ്ഥലം ലഭിക്കാത്തതിനാൽ പലവിധ പരിമിതികളിലൂടെയാണ് സേന കടന്നുപോയിരുന്നത്. 42 ജീവനക്കാരാണുള്ളത്. അവർക്ക് വിശ്രമിക്കാൻ സ്ഥലമില്ല. അടുക്കള സൗകര്യമോ ക്വാർട്ടേഴ്സുകളോ ഇല്ല. രണ്ട് ഫയർഎൻജിനുകൾ ഉണ്ടായിട്ടും പാർക്കിംഗ് സൗകര്യമില്ലാത്തതിനാൽ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ലഭിച്ചിട്ടില്ല. ഈ പരിമിതികൾക്കുള്ളിലും മികച്ച പ്രവർത്തനമാണ് അഗ്നിശമനസേന കാഴ്ചവയ്ക്കുന്നത്. ഉഴവൂർ, വെളിയന്നൂർ, കൂത്താട്ടുകുളം നഗരസഭ, പാലക്കുഴ, ഇലഞ്ഞി, തിരുമാറാടി, മാറിക തുടങ്ങിയവ പരിധിയിൽപ്പെടുന്നു.

നാടിന്റെ സുരക്ഷയ്ക്ക് അനിവാര്യമായതിനാലാണ് സ്ഥലമനുവദിക്കുന്ന തീരുമാനം എടുത്തിട്ടുള്ളതെന്ന് മുൻ നഗരസഭ ചെയർമാനും യു.ഡി.എഫ് മണ്ഡലം ചെയർമാനുമായ പ്രിൻസ് പോൾ ജോൺ പറഞ്ഞു, കഴിഞ്ഞ നഗരസഭാ ഭരണസമിതി തീരുമാനം എടുത്ത് നൽകിയിരുന്നുവെന്ന് മുൻ ചെയർപേഴ്സൻ വിജയ ശിവൻ പറഞ്ഞു. പൊലീസ് ക്വാർട്ടേഴ്സ് ഇരിക്കുന്ന 2 ഏക്കർ സ്ഥലത്ത് ഫയർസ്റ്റേഷൻ സ്ഥാപിക്കുന്നതാണ് ഉചിതമെന്നാണ് മുൻ ചെയർമാൻ റോയി എബ്രഹാമിന്റെ അഭിപ്രായം.