ksrtc
കെ.എസ്.ആർ.ടി.സി

കൊച്ചി: കഴിഞ്ഞ ദിവസം പണിമുടക്ക് നടത്തിയ സ്വകാര്യ ബസുകൾക്ക് പകരം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ഇന്നലെയും കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തി. ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നായി 15 ബസുകളാണ് സർവീസ് നടത്തിയത്.

തിങ്കളാഴ്ചയാണ് സ്വകാര്യ ബസുകൾ പണിമുടക്കിയത്. ചൊവ്വാഴ്ച ജില്ലയിലെത്തിയ ഗതാഗത വകുപ്പ് മന്ത്രി പണിമുടക്കിയ ബസുകൾക്ക് പകരം കെ.എസ്.ആർ.ടി.സി ബസുകൾ ഓടിക്കുമെന്നും പറഞ്ഞിരുന്നു.

ആലുവ, മൂവാറ്റുപുഴ, അങ്കമാലി, പെരുമ്പാവൂർ, എറണാകുളം, പറവൂർ ഡിപ്പോകളിൽ നിന്നുള്ള 15 ബസുകളാണ് സർവീസ് നടത്തിയത്. ബസുകളുടെ ഡിപ്പോയിൽ നിന്നുള്ള ജീവനക്കാരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്.

ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, വെല്ലിംഗ്ടൺ ഐലൻഡ്, കലൂർ, തമ്മനം, വൈറ്റില, എറണാകുളം സൗത്ത്, മുണ്ടംവേലി, പനങ്ങാട്, തേവര, ഇടക്കൊച്ചി, പോണേക്കര, തുതിയൂർ എന്നിവിടങ്ങളിലേക്കാണ് കെ.എസ്.ആർ.ടി.സി ബസുകൾ ഓടിച്ചത്.

ഡിപ്പോ, സർവീസുകൾ

ആലുവ-----03

മൂവാറ്റുപുഴ-----03

പെരുമ്പാവൂർ----03

അങ്കമാലി----02

എറണാകുളം-----02

പറവൂർ ----02