കിഴക്കമ്പലം: സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി കുന്നത്തുനാട്ടിലെ മുന്നണികളിലെ തർക്കം പാർട്ടികൾ തമ്മിലുള്ള ബന്ധങ്ങൾ ആടിഉലയുന്ന സ്ഥി​തി​യി​ലേക്ക് നീങ്ങുന്നു. യു.ഡി.എഫിലും എൽ.ഡി.എഫിലും കുന്നത്തുനാട്ടിൽ തർക്കം തുടരുന്നത് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകി​ക്കുന്നു. വിജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥികൾക്ക് മുൻതൂക്കം നൽകാതെ സ്ഥാനാർത്ഥി മോഹവുമായി വൻ പടയാണ് ജില്ലാ നേതൃത്വത്തിന് പരാതി നൽകാനായി പോകുന്നത്.

മുഴുവൻ പഞ്ചായത്തുകളിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കി ട്വന്റി20 മത്സരത്തിന്റെ കളംപിടിച്ചിട്ടും ഇതുവരെയായി തർക്കം തീർക്കാൻപോലും മുന്നണികൾക്ക് കഴിഞ്ഞിട്ടില്ല. സ്ഥാനാർത്ഥി മോഹവുമായി നടന്ന ചിലർ പാർട്ടികളുടെ ഗ്രൂപ്പിനുള്ളിൽ ഗ്രൂപ്പുണ്ടാക്കി ടോർപ്പിഡോയുമായി രംഗത്തിറങ്ങിയതും പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കി​. കഴിഞ്ഞ ടേമിൽ ഇത്തരത്തിൽ വിജയമുറപ്പിച്ച രണ്ടു വാർഡുകളാണ് യു.ഡി.എഫിന് കൈവിട്ടു പോയത്. ഇക്കുറിയും അതേവാർഡുകളിൽത്തന്നെ ഗ്രൂപ്പിസം തലപൊക്കിയിട്ടുണ്ട്.

കുന്നത്തുനാട്ടിലെ ഒമ്പതാംവാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ ചൊല്ലി രൂക്ഷമായ പോരാണ് നിലനില്ക്കുന്നത്. കോൺഗ്രസിന്റെ കൈയിലിരുന്ന വാർഡ് പുനർനിർണയത്തിൽ വിജയ സാദ്ധ്യതയുണ്ടെന്ന് ഉറപ്പിച്ച് കൈമാറണമെന്ന മുസ്ലീംലീഗിന്റെ അഭ്യർത്ഥന ചെവിക്കൊള്ളാതെ സ്ഥാനാർത്ഥി നിർണയം നടത്തിയത് ലീഗിനെ ചൊടിപ്പിച്ചിട്ടുണ്ട്. പഞ്ചായത്തിലെ മുൻ വനിതാ മെമ്പറെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ലീഗിന്റെവാദം. വാർഡ് വിട്ടുകൊടുക്കില്ലെന്ന കോൺഗ്രസ് നിലപാടിനെതിരെ ലീഗ് ജില്ലാ നേതൃത്വത്തെ സമീപിച്ചുകഴിഞ്ഞു.

എൽ.ഡി.എഫിൽ പട്ടിമറ്റം മേഖലയിൽ രണ്ടും പള്ളിക്കരയിലെ ഒരുവാർഡും വേണമെന്നായിരുന്നു സി.പി.ഐയുടെ നിലപാട്. എന്നാൽ ലഭിക്കില്ലെന്നായതോടെ സി.പി.എമ്മിനെതിരെ സ്ഥാനാർത്ഥിയെ നിറുത്താൻവരെ തീരുമാനിച്ചെങ്കിലും ജില്ലാ നേതൃത്വം ഇടപെട്ടതോടെ മഞ്ഞുരുകി പട്ടിമറ്റം മേഖലയിലെ ആറാംവർഡിൽമാത്രം മത്സരിക്കാൻ സി.പി.ഐ തീരുമാനിച്ചു. ബ്ളോക്ക് ഡിവിഷൻ സ്ഥാനാർത്ഥി നിർണയത്തിൽ അർഹമായ പ്രാതിനിദ്ധ്യവും പാർട്ടിക്ക് നൽകുമെന്നാണ് എൽ.ഡി.എഫ് നേതൃത്വം അറിയിച്ചത്.

1 മുഴുവൻ പഞ്ചായത്തുകളിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കി ട്വന്റി20ഏറെ മുന്നിൽ

2 യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികളിലെ സ്ഥാനാർത്ഥി മോഹികൾ സീറ്റുറപ്പിക്കാൻ പതിനെട്ടടവും പയറ്റുന്നു

3 സ്ഥാനാർത്ഥി നിർണയം കഴിഞ്ഞ ചില വാർഡുകളിലും അസ്വാരസ്യങ്ങൾ രൂക്ഷം

4 എൻ.ഡി.എയിൽ തർക്കങ്ങളില്ല. സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

5 തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ എല്ലാപ്രശ്നങ്ങളും പരിഹരിക്കുമെന്നും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും മുന്നണിനേതൃത്വങ്ങൾ