കോലഞ്ചേരി: ടിപ്പറുകാരുടെ തോന്ന്യവാസങ്ങളിൽ പൊറുതിമുട്ടിയിരിക്കുകയാണ് പട്ടിമറ്റം നിവാസികൾ. ലോഡുമായി പായുന്ന ടിപ്പറുകൾ നാട്ടുകാർക്കെന്നും പേടിസ്വപ്നമാണ്. നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന നടപടികളാണ് ടിപ്പർ, ടോറസ് ഡ്രൈവർമാരിൽ നിന്നുമുണ്ടാകുന്നത്. രാത്രികാല ഓട്ടത്തിനിടയിൽ റോഡരികിൽ പാർക്കുചെയ്യുന്ന ടിപ്പറുകൾ പിൻഭാഗം ഉയർത്തിവയ്ക്കുന്ന പതിവുണ്ട്. രാവിലെ ലോറി എടുത്ത് പോകുമ്പോൾ പിൻഭാഗം താഴ്ത്താതെ വാഹനം മുന്നോട്ടെടുക്കുന്നതോടെ റോഡരികിലെ വൈദ്യുതി കമ്പികൾ പൊട്ടിക്കുന്നതാണ് പ്രശ്‌നം.
കഴിഞ്ഞദിവസം പുലർച്ചെ പട്ടിമറ്റം മൂലൻസ് മാർട്ടിന് സമീപം ഇത്തരത്തിൽ വന്ന വാഹനം വൈദ്യുതി കമ്പി പൊട്ടിച്ച് മൂന്ന് ഇലക്ട്രിക് പോസ്റ്റുകളാണ് തകർത്തത്. പോസ്റ്റ് മറിഞ്ഞും കമ്പി പൊട്ടിയും സമീപത്തെ വ്യാപാരസ്ഥാപനത്തിനും കേടുപാടുണ്ടായി. കെ.എസ്.ഇ.ബിക്ക് ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. പൊട്ടിവീണ കമ്പികളിൽത്തട്ടി ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കമ്പി വീണുകിടക്കുന്നത് കണ്ട മറ്റൊരു വഴിയാത്രക്കാരൻ കെ.എസ്.ഇ.ബി ഓഫീസിൽ അറിയിച്ച് ലൈൻ ഓഫാക്കിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പലപ്പോഴും പുലർച്ചെയാണ് ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നത്. പൊട്ടിയകമ്പി ശരിയാക്കാൻ മണിക്കൂറുകൾ വേണ്ടിവരുന്നതിനാൽ ആസമയമത്രയും വൈദ്യുതിബന്ധം നിലക്കുന്നതോടെ ആ മേഖലയിലുള്ളവർ ദുരിതത്തിലാവുകയാണ്. കെ.എസ്.ഇ.ബി അധികൃതർ കുന്നത്തുനാട് പൊലീസിൽ പരാതി നൽകി.