കൊച്ചി: ക്രൈസ്തവസഭാ പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ ചർച്ച് ആക്ട് നടപ്പിലാക്കണമെന്ന ആവശ്യത്തിൽ സമവായം ഉണ്ടാക്കാൻ വിവിധ സഭാ നേതാക്കളുടെ സിമ്പോസിയം 8ന് കലൂർ റിന്യൂവൽ സെന്ററിൽ സംഘടിപ്പിക്കും. കാത്തലിക് നസ്രാണി അസോസിയേഷൻ (സി.എൻ.എ) നേതൃത്വം നൽകുന്ന സിമ്പോസിയത്തിൽ ജോയിന്റ് ക്രിസ്ത്യൻ കൗൺസിലും വിവിധ സഭാനേതാക്കളും നിയമജ്ഞരും പങ്കെടുക്കും. 8ന് രാവിലെ 10ന് മുൻ എം.പി. ഡോ.സെബാസ്റ്ര്യൻ പോൾ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4വരെ നടക്കുന്ന ചർച്ചയിൽ ഫെലിക്സ് ജെ. പുല്ലാടൻ, അഡ്വ.ഇന്ദുലേഖ ജോസഫ്, അഡ്വ. വർഗീസ് പറമ്പി, അഡ്വ. പോളച്ചൻ പുതുപ്പാറ, എം.ജെ. ജോസഫ് മണപ്പാട്ടുപറമ്പിൽ, ജോസ് പാറേക്കാട്ടിൽ, പോൾ ചെതലൻ, ഷൈബി പാപ്പച്ചൻ തുടങ്ങിയവർ സംസാരിക്കും.

ചർച്ചയിൽ ഉരുത്തിരിയുന്ന കാര്യങ്ങൾ സഭാനേതൃത്വത്തിനും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും സമർപ്പിക്കും. ക്രൈസ്തവ സഭകളുടെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കൾ യാതൊരു കണക്കുമില്ലാതെ പുരോഹിതർ കൈയ്യാളുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇതിന് മാറ്റമുണ്ടാകണമെന്നാണ് ഭൂരിപക്ഷം വിശ്വാസികളും ആഗ്രഹിക്കുന്നതെന്നും സി.എൻ.എ ചെയർമാൻ ഡോ.എം.പി.ജോർജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൺവീനർ ജോസ് പാറേക്കാട്ടിൽ, ഷിജു സെബാസ്റ്റ്യൻ, എം.ജെ. ജോസഫ് മണപ്പാട്ടുപറമ്പിൽ, മാർട്ടിൻ ടി. ജോസഫ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.