പറവൂർ: കരുമാല്ലൂർ പഞ്ചായത്തിൽ ഹരിതകർമസേനയുടെ അജൈവ മാലിന്യ സംസ്കരണത്തിനായി സ്ഥാപിച്ച പ്ലാന്റിന്റെ പ്രവർത്തനം തുടങ്ങി. ഹരിതകർമസേന ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ സിമന്റ്, അനുബന്ധ ഉത്പന്നങ്ങളും നിർമ്മിക്കുന്ന ഇന്ധനമായി മാറ്റുന്ന പദ്ധതിയാണിത്. ഒരു ദിവസം 200 ടൺ അജൈവമാലിന്യം സംസ്കരിക്കാനാകും. പ്ലാന്റിൽ പൊടിച്ചുവരുന്ന മാലിന്യം സിമന്റ് ഫാക്ടറിയിൽ ഇന്ധനമാകും. ക്ലീൻ കേരള കമ്പനിയും ടിഫോട്ട് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായാണ് ജില്ലയിലെ ആദ്യ ആർ.ഡി.എഫ് പ്ലാന്റ് കരുമാല്ലൂരിൽ സ്ഥാപിച്ചത്. പ്ലാന്റിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സബിത നാസർ അദ്ധ്യക്ഷയായി.
തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ എസ്. ശ്യാമലക്ഷ്മി, നവകേരളം ജില്ല കോഓർഡിനേറ്റർ എസ്. രഞ്ജിനി, കുടുംബശ്രീ ജില്ല കോഓർഡിനേറ്റർ ടി.എം. റെജീന, ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡോ. ശീതൾ ജി. മോഹൻ, സി.കെ.സി.എൽ ജില്ല മാനേജർ സുബിൻ ബേബി, നോഡൽ ഓഫീസർ ജി. രമ്യ സുധി, പഞ്ചായത്ത് അംഗം ബീന ബാബു എന്നിവർ സംസാരിച്ചു.