കൊച്ചി: എല്ലാ സാഹചര്യങ്ങളും അനുകൂലമായിട്ടും പാതിവഴിയിൽ ഉപേക്ഷിച്ച കോതമംഗലം ചേലാടുള്ള നിർദ്ദിഷ്ട സ്പോർട്സ് കോംപ്ലക്സ് എത്രയുംവേഗം പൂർത്തിയാക്കണമെന്ന് മുൻമന്ത്രി ടി.യു.കുരുവിള ആവശ്യപ്പെട്ടു. 2006ൽ താൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്താണ് ചേലാട് സ്റ്റേഡിയത്തിനുള്ള രൂപരേഖ തയ്യാറാക്കിയത്. ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി 5.65കോടിരൂപയും അനുവദിച്ചിരുന്നു. സ്ഥലം ഏറ്റെടുത്ത് ചുറ്റുമതിലും തറനിരപ്പാക്കലുമുൾപ്പെടെയുള്ള ജോലികളും പൂർത്തിയാക്കി. തുടർന്ന് വന്ന സർക്കാരും സ്പോർട്സ് കോംപ്ലക്സിന്റെ കാര്യത്തിൽ താത്പര്യമെടുത്തു. 400മീറ്റർ സിന്തറ്റിക് ട്രാക്കിനുവേണ്ടി 3കോടി രൂപയും അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 4.43കോടിരൂപയും രണ്ടുഘട്ടമായി അനുവദിച്ചു. അന്നത്തെ എസ്റ്റിമേറ്റ് അനുസരിച്ച് 24കോടി രൂപകൂടി ഉണ്ടായിരുന്നെങ്കിൽ സ്പോർട്സ് കോംപ്ലക്സ് പൂർത്തിയാക്കാമായിരുന്നുവെന്ന് ടി.യു. കുരുവിള പറഞ്ഞു.