കൊച്ചി: പെരിയാർ മലിനീകരണം തടയുന്നതുമായി ബന്ധപ്പെട്ട് മാലിന്യ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ സ്ഥലം വിട്ടുകിട്ടുന്നതിന് മെർക്കം, ഫാക്ട് കമ്പനികളെക്കൂടി സമീപിക്കാൻ നിർദ്ദേശം നൽകി ഹൈക്കോടതി. പ്ലാന്റ് നിർമ്മിക്കാൻ ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ് ലിമിറ്റഡിന്റെ ഭൂമി സംസ്ഥാന സർക്കാരിന് കൈമാറുന്ന കാര്യത്തിൽ കോടതി നിർദ്ദേശപ്രകാരം ശ്രമം നടത്തിയെങ്കിലും തടസങ്ങളുള്ള സാഹചര്യത്തിലാണിത്.

ലിക്വിഡേഷൻ തീരുമാനിച്ച സാഹചര്യത്തിൽ എച്ച്.ഐ.എൽ ഭൂമി വിട്ടുനൽകാനാവില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത്.
ബ‌ദൽഭൂമി നിർദ്ദേശം സംബന്ധിച്ച് മലിനീകരണ നിയന്ത്രണബോർഡും കേന്ദ്ര, സംസ്ഥാന സർക്കാർ പ്രതിനിധികളുമടങ്ങുന്ന ഉന്നതതല സമിതിയാണ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതിനുള്ള ശ്രമം നടത്തുമെന്നും വ്യക്തമാക്കി. മെർക്കംഭൂമിക്ക് പുറമേ ഫാക്ട് ഉദ്യോഗമണ്ഡൽ ഡിവിഷന്റെ 75 സെന്റ് സ്ഥലമാണ് പരിഗണിക്കുന്നത്. സംസ്ഥാന സർക്കാർ ഇന്നുതന്നെ കേന്ദ്രസർക്കാരിന് കത്തെഴുതണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. സർക്കാരും മലിനീകരണ നിയന്ത്രണ ബോർഡും ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പുരോഗതി റിപ്പോർട്ട് പത്ത് ദിവസത്തിനകം കോടതിക്ക് സമർപ്പിക്കണം.
നദീ സംരക്ഷണ അതോറിട്ടി രൂപവത്കരണം സംബന്ധിച്ച മുൻ നിർദ്ദേശത്തിൽ പുരോഗതി അറിയിക്കണമെന്ന് സർക്കാരിനും കുഴിക്കണ്ടം തോട്ടിൽനിന്ന് ഇപ്പോഴും പെരിയാർ മലിനീകരിക്കപ്പെടുന്നുണ്ടെങ്കിൽ തടയാൻ നടപടിയെടുക്കണമെന്ന് മലിനീകരണ നിയന്ത്രണബോർഡിനും കോടതി നിർദ്ദേശം നൽകി. ഹർജി വീണ്ടും 14ന് പരിഗണിക്കാൻ മാറ്റി.