
കളമശേരി: ഏലൂരിന്റെ അഭിമാന താരം പാർത്ഥസാരഥി ഫിഫ ടാലന്റ് അക്കാദമിയിലേക്ക് അണ്ടർ - 15 വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എണ്ണായിരത്തിൽപ്പരം കളിക്കാർ പങ്കെടുത്ത ഹൈദരാബാദിലെ സെലക്ഷൻ ട്രയലിൽ തിരഞ്ഞെടുക്കപെട്ട 21 കളിക്കാരിൽ ഒരാളാണ് പാർത്ഥസാരഥി. മൂന്ന് മലയാളികൾ കൂടി ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഇന്റർനാഷണൽ ഫുട്ബാൾ ഫെഡറേഷൻ ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനുമായി ചേർന്ന് ഇന്ത്യയിൽ തുടങ്ങുന്ന പതിനഞ്ച് വയസ്സിന് താഴെയുള്ളവരുടെ ടീമാണിത്. മഞ്ഞുമ്മൽ ഗാർഡിയൻ ഏയ്ഞ്ചൽസ് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയും ഗാർഡിയൻ ഏയ്ഞ്ചൽസ് ഫുട്ബാൾ അക്കാഡമി അംഗവുമാണ്. ഏലൂർ നോർത്ത് കുടജാദ്രിയിൽ രാജേഷിന്റെയും സ്നേഹയുടെയും മകനാണ്.