കോതമംഗലം: കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം തുടർച്ചയായി മൂന്നാംതവണയും സംവരണമായി. ഇക്കുറി സ്ത്രീ സംവരണമാണ്. 2015ൽ സ്ത്രീ സംവരണമായിരുന്ന പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം 2020ൽ പട്ടികവർഗ വിഭാഗത്തിനാണ് സംവരണം ചെയ്തത്. ഫലത്തിൽ മൂന്നാംതവണയും പഞ്ചായത്ത് ഭരണ നേതൃത്വം സ്ത്രീകൾക്ക് ലഭിക്കും.

2020ൽ പട്ടികവർഗ്ഗ ജനറൽ സംവരണമായിരുന്ന ഇവിടെ പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ആയിരുന്നു. ഭൂരിപക്ഷം ലഭിച്ച യു.ഡി.എഫിൽ പട്ടികവർഗ വിഭാഗത്തിലെ മറ്റാരും വിജയിക്കാതിരുന്നതാണ് കാന്തിക്ക് അവസരം ലഭിക്കാൻ കാരണം. ഇത്തവണയും സ്ത്രീ സംവരണമായതോടെ പ്രസിഡന്റ് സ്ഥാനം മോഹിച്ച പുരുഷനേതാക്കൾ നിരാശരാണ്.

താലൂക്കിലെ മറ്റ് നാല് പഞ്ചായത്തുകളിലും പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. കീരമ്പാറ, നെല്ലിക്കുഴി, വാരപ്പെട്ടി, കവളങ്ങാട് എന്നിവയാണ് സ്ത്രീകളുടെ ഭരണത്തിലാകുന്ന പഞ്ചായത്തുകൾ. കോട്ടപ്പടിയിൽ പട്ടികജാതി വിഭാഗത്തിനാണ് പ്രസിഡന്റ് സ്ഥാനം. അതേസമയം പോത്താനിക്കാട് പഞ്ചായത്തിൽ തുടർച്ചയായ രണ്ടാംതവണയും പ്രസിഡന്റ് സ്ഥാനം ജനറലായി നിലനിറുത്തി. സംവരണ തീരുമാനം വന്നതോടെ പോത്താനിക്കാട്, കുട്ടമ്പുഴ, കോട്ടപ്പടി എന്നീ പഞ്ചായത്തുകളിൽ സ്ഥാനാർത്ഥികളാക്കാൻ പരിഗണിക്കപ്പെട്ടിരുന്ന പേരുകളിൽ മാറ്റംവരുത്താൻ സാദ്ധ്യതയേറി.

കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം സ്ത്രീ സംവരണമാണ്. മുനിസിപ്പാലിറ്റിയിലും ചെയർപേഴ്സൺ സ്ഥാനം വനിതാസംവരണമാണ്.