വൈപ്പിൻ: വൈപ്പിൻ - മുനമ്പം സംസ്ഥാനപാതയിൽ ടോറസ് ലോറികളുടെ അമിതവേഗത കാരണം അപകടങ്ങൾ വർദ്ധിച്ചതോടെ കർശന നടപടിയുമായി അധികാരികൾ. ദേശീയപാത നിർമ്മാണത്തിനായി വൈപ്പിൻ എൽ.എൻ.ജി ഭാഗത്തുനിന്ന് മണൽകയറ്റി വടക്കേക്കര, മൂത്തകുന്നം ഭാഗങ്ങളിലേക്ക് ടോറസ് ലോറികൾ ചീറിപ്പായുന്നത് നിരന്തരമായി അപകടമുണ്ടാക്കിയിരുന്നു. തുടർന്ന് ഇവയുടെ ഓട്ടം രാത്രിയിൽ മാത്രമായി നിജപ്പെടുത്തിയിരുന്നു. എന്നിട്ടും അപകടങ്ങൾ കുറയാതെ വന്നതോടെയാണ് അധികാരികൾ രംഗത്തിറങ്ങിയത്.
ടോറസുകൾ ഓടിക്കുന്നവരിൽ ഭൂരിഭാഗവും അന്യസംസ്ഥാന തൊഴിലാളികളാണ്. ഇവർക്കാകട്ടെ ഡ്രൈവിംഗിൽ വലിയ പരിചയവുമില്ല. അശ്രദ്ധയും അതിവേഗതയുമൊക്കെയാണ് പല അപകടങ്ങളും ക്ഷണിച്ചുവരുത്തുന്നത്.
ടോറസുകളുടെ അമിതവേഗത്തിനെതിരെ കഴിഞ്ഞദിവസം ചെറായി ദേവസ്വംനടയിൽ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ രാത്രിയിൽ ടോറസ് ലോറികൾ തടഞ്ഞിരുന്നു. ലക്കും ലഗാനുമില്ലാത്ത ടോറസ് പാച്ചിലിനെ തുടർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും പലർക്കും പരിക്കേൽക്കുകയും ചെയ്തതിനെത്തുടർന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പ്രശ്നത്തിൽ ഇടപെട്ടു. തുടർന്ന് കളക്ടർ യോഗം വിളിച്ചുചേർത്തു. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, എ.ഡി.എം വിനോദ് രാജ്, ജോ. ആർ.ടി.ഒ. കിഷോർകുമാർ, എൻ.എസ്. സൂരജ് , കെ.എൽ. ദിലീപ്കുമാർ, ടോറസ് കമ്പനിക്ക് വേണ്ടി ശിവാലയ കമ്പനി പ്രതിനിധി തുടങ്ങിയവർ പങ്കെടുത്തു.
യോഗ തീരുമാനങ്ങൾ
* സംസ്ഥാന പാതയിലൂടെ ടോറസ് ലോറികൾ ഓടാൻ പാടില്ല
* ഓടേണ്ടത് കണ്ടെയ്‌നർ റോഡിലൂടെ
* വാഹനങ്ങൾ എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിൽ പരിശോധിക്കണം
* വാഹനങ്ങളിൽ മണ്ണ് മൂടിക്കെട്ടി കൊണ്ടുപോകണം
* നമ്പർപ്ലേറ്റ് കാണുംവിധം പ്രദർശിപ്പിക്കണം
* പരമാവധി 50 കിലോമീറ്റർ വേഗതയിലേ വാഹനം ഓടിക്കാവൂ
* അപകടങ്ങൾ ഉണ്ടായാൽ മതിയായ നഷ്ടപരിഹാരം നൽകണം