മൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ ചിരകാല സ്വപ്നമായ മുറിക്കല്ല് ബൈപ്പാസിന്റെ നിർമ്മാണ പ്രവൃത്തികൾക്ക് മുന്നോടിയായി പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങിയതായി മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു. വർഷങ്ങളായി ഉപയോഗശൂന്യമായിരുന്ന സ്ഥലമായതിനാൽ ഇവിടങ്ങളിൽ പുല്ലും കാടും നിറഞ്ഞ അവസ്ഥയിലാണ്. ഈ ഭാഗത്തെ കാടുകൾ വെട്ടിത്തെളിച്ച് സൈറ്റ് ക്ലിയറൻസ് നടത്തിയ ശേഷം ലെവൽസ് എടുക്കുന്ന പ്രവൃത്തികളാണ് കഴിഞ്ഞ ദിവസം ആരംഭിച്ചത്. ഒരു മാസത്തോളം ഇതിന് വേണ്ടി വരുമെന്നാണ് അധികൃതർ അറിയിച്ചത്. രണ്ടുവർഷ കാലാവധിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് കരാർ കമ്പനിക്ക് നൽകിയിരിക്കുന്നത്. എന്നാൽ ഇതിനു മുമ്പായി തന്നെ പൂർത്തിയാക്കാൻ കഴിയുമെന്ന വിശ്വാസമാണുള്ളതെന്നും എം.എൽ.എ പറഞ്ഞു.

പ്രാഥമിക പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് പിന്നാലെ പൈലിംഗ് അടക്കമുള്ള നിർമ്മാണ ഘട്ടത്തിലേക്ക് കടക്കും. പ്രാഥമിക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി എം.എൽ.എയോടൊപ്പം നഗരസഭാ ചെയർമാൻ പി.പി. എൽദോസ്, മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, വാളകം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. എബ്രഹാം,​ കരാർ കമ്പനി ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി.