കൊച്ചി: ജി.സി.ഡി.എയുടെ ഉടമസ്ഥതയിലുള്ള കലൂർ സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണി സ്വകാര്യ സ്ഥാപനത്തെ ഏൽപിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഹർജിക്കാരന് അനുമതി നൽകി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി. അഭിഭാഷകനായ എ.സി.വിനായക് സച്ചിൻ ആണ് കോടതിയെ സമീപിച്ചത്.
ടെൻഡറോ കരാറോ പരിസ്ഥിതി അനുമതിയോ ഇല്ലാതെ സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണി സ്വകാര്യ ഏജൻസി കൈമാറിയെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. നവംബർ 17ന് അർജന്റീന ടീം പങ്കെടുക്കുന്ന മത്സരം നടക്കും എന്നതിന്റെ പേരിലായിരുന്നു അറ്റകുറ്റപ്പണിക്ക് അനുമതി നൽകിയത്. മത്സരം ഇല്ലെന്നാണ് ഇപ്പോൾ പറയുന്നത്.
അറ്റകുറ്റപ്പണിയുടെ പേരിൽ സ്റ്റേഡിയം പരിസരത്തെ മരങ്ങൾ വരെ മുറിച്ചു. യാതൊരു വൈദഗ്ദ്ധ്യവും ഇല്ലാത്ത സ്വകാര്യ സ്ഥാപനത്തെയാണ് അറ്റകുറ്റപ്പണി ഏൽപിച്ചത്.
ടെൻഡറോ കരാറോ ഇല്ലാതെ അറ്റകുറ്റപ്പണി സ്വകാര്യ സ്ഥാപനത്തിന് കൈമാറിയത് നിയമവിരുദ്ധമാണെന്ന് ഉത്തരവിടണമെന്നതടക്കമാണ് ഹർജിയിലെ ആവശ്യം.