കൊച്ചി: അനീതിക്കും വിവേചനത്തിനും അടിച്ചമർത്തലിനുമെതിരായ പോരാട്ടം ജീവിതത്തിന്റെ ഭാഗമായ സിസ്റ്റർ ലൂസി കളപ്പുരയ്‌ക്ക് ഇനി വക്കീൽക്കുപ്പായം കരുത്താകും. മഹാത്മഗാന്ധി സർവകലാശാലയിൽ നിന്ന് 70 ശതമാനം മാർക്കോടെ എൽ.എൽ.ബി വിജയിച്ച സിസ്റ്റർ അടുത്തമാസം സന്നതെടുത്ത് കോടതിയിൽ അഭിഭാഷകയായെത്തും.
പൂത്തോട്ട ശ്രീനാരായണ ലാ കോളേജിലാണ് സിസ്റ്റർ ലൂസി പഠിച്ചത്. മാർക്കിൽ കോളേജിലെ ഏഴാംസ്ഥാനം ലഭിച്ചു.
കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരായ സമരത്തിൽ പങ്കെടുത്തതുൾപ്പെടെ പ്രതിഷേധങ്ങളുടെ പേരിൽ സിസ്റ്ററിനെ ഫ്രാൻസിസ് ക്ളാരിസ്റ്റ് സന്യസ്തസഭയിൽ നിന്ന് പുറത്താക്കിയിരുന്നു. വയനാട് കാരയ്‌ക്കാമല വിമലഹോം മഠത്തിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ നൽകിയ ഹർജി മാനന്തവാടി കോടതിയുടെ പരിഗണനയിലാണ്. അന്തിമവിധി വരുംവരെ വയനാട്ടിൽ തുടരാനാണ് തീരുമാനം.
മഠത്തിൽ താമസിക്കാൻ പൊലീസ് സംരക്ഷണം തേടി സമർപ്പിച്ച ഹർജിയിൽ 2021ൽ ഹൈക്കോടതിയിൽ സിസ്റ്റർ ലൂസി നേരിട്ട് വാദിച്ചിരുന്നു. വാദിക്കാൻ അഭിഭാഷകർ തയ്യാറാകാത്ത സാഹചര്യത്തിലാണ് നേരിട്ട് വാദിച്ചത്. അദ്ധ്യാപികയായി വിരമിച്ചശേഷമാണ് എൽ.എൽ.ബിക്ക് ചേർന്നത്.
എറണാകുളത്ത് അഭിഭാഷകയായി പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്ന് സിസ്റ്റർ പറഞ്ഞു. കുടുംബ, സിവിൽ, ക്രിമനൽ കേസുകളിൽ ശ്രദ്ധിക്കാനാണ് താത്പര്യം. പറ്റിയ സീനിയറിനെ തേടുകയാണെന്നും സിസ്‌റ്റർ പറഞ്ഞു.