കൊച്ചി: ആദായ നികുതി കേസിൽ താരസംഘടനയായ 'അമ്മ" നൽകിയ അപ്പീൽ വീണ്ടും പരിഗണിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിക്കാൻ ഇൻകംടാക്സ് കമ്മിഷണർക്ക്(അപ്പീൽ) ഹൈക്കോടതി നിർദ്ദേശം. 'അമ്മ" നൽകിയ ഹർജിയിലാണു ജസ്റ്റിസ് എ.എ.സിയാദ് റഹ്മാന്റെ ഉത്തരവ്. 2014–2015 ലെ ആദായനികുതി നിർണയവുമായി ബന്ധപ്പെട്ട് അമ്മ അപലറ്റ് അതോറിറ്റിക്കു നൽകിയ അപ്പീൽ തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണു ഹർജി. ഹർജിക്കാർ അപ്പീൽ അതോറിറ്റിക്ക് മുൻപാകെ ഹാജരായില്ലെന്ന പേരിലാണ് അപ്പീൽ തള്ളിയതെന്നായിരുന്നു സംഘടനയുടെ വാദം. വിഷയത്തിന്റെ മെരിറ്റ് പരിഗണിച്ചില്ലെന്നും വ്യക്തമാക്കി. അപ്പീൽ തീർപ്പാക്കുമ്പോൾ തീരുമാനത്തിനുള്ള കാരണങ്ങൾ രേഖാമൂലം അറിയിക്കണമെന്നത് പാലിക്കപ്പെട്ടില്ലെന്ന് കോടതി വിലയിരുത്തി.