കൊച്ചി/തൃക്കാക്കര: തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി മുന്നണികൾ മുന്നോട്ട് നീങ്ങവേ തൃക്കാര നഗരസഭയിലെ മുന്നണിയിലെ പോരും സി.പി.ഐയിലെ ഉൾപ്പാർട്ടി പോരും ഇടതുപക്ഷത്തിന് വെല്ലുവിളിയാകുന്നു. വിവാദങ്ങളിൽപ്പെട്ട് ആരോപണങ്ങളേറെ കേട്ട നിലവിലെ ഭരണ സമിതിയിൽ നിന്ന് ഭരണം തിരിച്ചു പിടിക്കാമെന്ന കണക്കുകൂട്ടലുകൾക്കിടെയാണ് മുന്നണിയിലെ അപ്രതീക്ഷിത പ്രശ്‌നങ്ങൾ.
സി.പി.ഐയുടെ മുൻ മണ്ഡലം കമ്മിറ്റി അംഗവും അത്താണി വാർഡിൽ നിന്നുള്ള കൗൺസിലറുമായ എം.ജെ. ഡിക്‌സൺ രാജിവച്ചതാണ് സി.പി.ഐക്ക് തലവേദന. ഇന്നലെ ഉച്ചയോടെയാണ് ഡിക്‌സൺ നഗരസഭാ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്. ഇതിനു ശേഷം സി.പി.എം കൗൺസിലർമാർക്കൊപ്പം ഡിക്സൺ മാദ്ധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു.
മണ്ഡലം സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ സാമ്പത്തിക അഴിമതിയിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് ഡിക്‌സന്റെ വാദം. എന്നാൽ, മണ്ഡലം കമ്മിറ്റി അംഗത്തെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് ഡിക്‌സനെ മൂന്ന് വർഷം മുൻപത്തെ ജില്ലാ സമ്മേളനത്തിനു പിന്നാലെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നുവെന്നും പാർട്ടിയുടെ ഭാഗമല്ലാത്തയാളാണ് രാജിവച്ചതെന്നുമാണ് സി.പി.ഐയുടെ വാദം.
സിപി.എമ്മിലേക്കെത്തുന്ന ഡിക്‌സനെ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്ന് സി.പി.എം ഏരിയാക്കമ്മിറ്റി വ്യക്തമാക്കി.
ഒറ്റയ്ക്ക് മത്സരിക്കാൻ സി.പി.ഐ
നിലവിൽ ആറ് സീറ്റുകളിലാണ് സി.പി.ഐ മത്സരിക്കുന്നത്. അത്താണി 13-ാം വാർഡും സ്‌നേഹനിലയം വാർഡുമാണ് അവർ വിജയിച്ചത്. നിലവിൽ സി.പി.ഐക്കുള്ള ആറ് വാർഡുകളിലെ രണ്ടെണ്ണം സി.പി.എം ഏറ്റെടുക്കുമെന്നും പകരം രണ്ടു വാർഡുകൾ സി.പി.ഐക്ക് നൽകുമെന്നും സി.പി.എം നിലപാടെടുത്തതാണ് പ്രശ്‌നമായത്. ഈ നിർദ്ദേശം അംഗീകരിക്കില്ലെന്ന് സി.പി.ഐ നിലപാടെടുത്തു. ഇതേത്തുടർന്ന് തൃക്കാക്കരയിൽ ഒറ്റയ്ക്ക് മത്സരിക്കാൻ സി.പി.ഐ തൃക്കാക്കര പ്രാദേശിക നേതൃത്വം ജില്ലാ സെക്രട്ടറി എൻ. അരുണിന് കത്ത് നൽകിയിരിക്കുകയാണ്.
അതേസമയം, മുന്നണിയിലെ സീറ്റ് ചർച്ചകൾ തുടരുകയാണെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സി.പി.ഐ അറിയിച്ചിട്ടില്ലെന്നും സി.പി.എം ഏരിയാ സെക്രട്ടറി ഉദയകുമാർ കേരളകൗമുദിയോട് പറഞ്ഞു. സീറ്റ് ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.